July 29, 2026

തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്: ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി വേണമെന്ന് സി.പി.ഐ.എം.

0
IMG_20250806_220151
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വ്യാപകമായ ക്രമക്കേടുകളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം. തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ കോസ്റ്റ് വിനിയോഗത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി യോഗം ചൂണ്ടിക്കാട്ടി.

 

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് എം.ജി.എൻ.ആർ.ഇ.ജി.എ. അസിസ്റ്റന്റ് എൻജിനീയർ ജോജോ ജോണി, അക്കൗണ്ടന്റ് നിതിൻ വി.സി., ഓവർസിയർമാരായ റിയാസ് എ.വി., പ്രിയ ഗോപിനാഥൻ എന്നിവരെ സസ്പെൻഡ് ചെയ്യാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും പങ്കാളികളായ കരാറുകാർക്കുമെതിരെ പോലീസിൽ കേസ് നൽകാനും ധാരണയായി.

 

എന്നാൽ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ചേർന്ന ഭരണസമിതി യോഗം യു.ഡി.എഫ്. ജനപ്രതിനിധികൾ ബഹിഷ്കരിച്ചതായി സി.പി.ഐ.എം. ആരോപിച്ചു. ഈ ക്രമക്കേടുകളിൽ തങ്ങളുടെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണ് യു.ഡി.എഫ്. യോഗം ബഹിഷ്കരിച്ചതെന്നും സി.പി.ഐ.എം. ആരോപിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചുമതലയിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം. ഇതിന്റെ ഉത്തരവാദിത്തം മറച്ചുവെച്ചുകൊണ്ട് യു.ഡി.എഫ്. അംഗമായ വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഉൾപ്പെടെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടിയാണെന്ന് സി.പി.ഐ.എം. വിലയിരുത്തി.

 

യു.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിലാണ് വ്യാപകമായ ക്രമക്കേടുകൾ നടന്നതെന്നും ആരോപണമുണ്ട്. ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി മാത്രം റോഡ് കോൺക്രീറ്റ് ചെയ്തതും, പദ്ധതി പ്രകാരം നിർമ്മിച്ച ആട്ടിൻകൂടുകൾ യു.ഡി.എഫ്. അംഗങ്ങൾ വീട്ടിൽ കൊണ്ടുപോയതും ചർച്ചയായിട്ടുണ്ട്. ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥരും യു.ഡി.എഫ്. അനുകൂലികളായ കരാറുകാരും തമ്മിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

ഈ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ജെ.പി.സി.യെ ചുമതലപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.പി.ഐ.എം. ഏരിയ കമ്മിറ്റി അംഗം വേണു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എ. ബാബു, മത്തായി ഐസക്ക്, ആർ. രവീന്ദ്രൻ, എ.കെ. ശങ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *