May 25, 2026

കല്‍പ്പറ്റ നഗരത്തില്‍ ആധുനിക സൗകര്യങ്ങളോടെ കംഫര്‍ട്ട് സ്റ്റേഷന്‍ തയ്യാര്‍

0
site-psd-261
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ നഗരത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാര്‍ട്ട് കംഫര്‍ട്ട് സ്റ്റേഷന്‍ തയ്യാര്‍. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി. ജെ ഐസക് നിര്‍വഹിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാവിധ സൗകര്യങ്ങളോടുംകൂടി നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ നഗരസഭാ വികസനത്തിന്റെ ഭാഗമായി പണിപൂര്‍ത്തീകരിച്ച അമ്മൂസ് കോംപ്ലക്‌സ് റോഡ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും യാത്രക്കാര്‍ക്കും സൗകര്യപ്രദമാകുന്ന രീതിയില്‍ ഹരിതമാനദണ്ഡങ്ങള്‍ പാലിച്ച് ആധുനിക രീതിയില്‍ നിര്‍മ്മിച്ച കെട്ടിട്ടം പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

റോഡ് നവീകരണം ഉള്‍പ്പെടെ 45 ലക്ഷം രൂപയുടെനഗരസഭാ പ്ലാന്‍ ഫണ്ടും തനത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കെട്ടിട നിര്‍മ്മാണത്തിനും റോഡ് നിര്‍മ്മാണത്തിനും അണ്ടര്‍ഗ്രൗണ്ട് ടാങ്ക് നിര്‍മ്മാണത്തിനുമായി 30 ലക്ഷം രൂപയും, റിയാക്ടര്‍ മെഷീന് വേണ്ടി 15 ലക്ഷം രൂപയും ചെലവഴിച്ചു. അഞ്ച് കിലോലിറ്റര്‍ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ടാങ്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സീവേജ് ട്രീറ്റ്‌മെന്‍മെന്റ് പ്ലാന്റിന് വേണ്ടി സ്വീക്വന്‍സിങ് ബാച്ച് റിയാക്ടര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തി നിര്‍മിച്ച ടോയ്ലറ്റ് സംവിധാനത്തിന്റെ സാങ്കേതികവിദ്യ ആന്‍ഡമാന്‍ കേന്ദ്രമായ കമ്പനിയുടേതാണ്. ഉപയോഗശേഷമുള്ള മലിനജലം മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് ശുദ്ധീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടിഷണര്‍ ബേ ബ്ലോക്കില്‍ മൂന്ന് ഷിഫ്റ്റുകളിലായി ജോലിക്കാരുണ്ടാകും.

കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത് അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.പി മുസ്തഫ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുജീബ് കേയംതൊടി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളിയാല്‍, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ രാജാറാണി, വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിചി അധ്യക്ഷന്‍ സി. കെ ശിവരാമന്‍, നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ ഷെരീഫ, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ. എസ് രഞ്ജിത്ത്, ശുചിത്വമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഹര്‍ഷന്‍, കല്‍പ്പറ്റ നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. മുനവര്‍, കല്‍പ്പറ്റ നഗരസഭാ സെക്രട്ടറി എന്‍.കെ അലി അസ്ഹര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news