May 16, 2026

സംസ്ഥാനത്ത് ഒന്നാമതായി വടുവന്‍ചാല്‍ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്

0
site-psd-289
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിര്‍മിച്ച വടുവന്‍ചാല്‍ ജിഎച്ച്എസ്എസിന്റെ ‘ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം. സംസ്ഥാനത്തെ മികച്ച മുളന്തുരുത്തുകളില്‍ ഒന്നാമതെത്തിയത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം മുളന്തുരുത്തും.ഇവയുള്‍പ്പടെ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് ഹരിതകേരളം മിഷന്‍ നല്‍കുന്ന അംഗീകാരങ്ങളില്‍ സംസ്ഥാന തലത്തില്‍ അഞ്ചു അംഗീകാരങ്ങള്‍ വയനാട് ജില്ല നേടി.തദ്ദേശസ്ഥാപന തലത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ ‘ശാന്തിവനം’ പച്ചത്തുരു ത്ത് അഞ്ചാം സ്ഥാനം നേടി. കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തും ഇതേ വിഭാഗത്തില്‍ അഞ്ചാം സ്ഥാനം പങ്കിട്ടു.പച്ചത്തുരുത്ത് ഒരുക്കിയ സ്ഥാപനങ്ങളില്‍ എടവക ഗ്രാമപഞ്ചായത്തിലെ നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററിലെ ‘തൈതാല്‍’ പച്ചത്തുരു ത്ത് മൂന്നാം സ്ഥാനം നേടി. ഈ വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയിലെ വെട്ടൂര്‍ ആയുര്‍വേദ സസ്‌പെന്‍സറി മൂന്നാം സ്ഥാനം പങ്കിട്ടു.

പച്ചത്തുരുത്ത് ഉണ്ടാക്കുന്നതിലും പരിപാലിക്കുന്നതിലും ആദരിക്കുന്ന വ്യക്തികളില്‍ അമ്പുകുത്തി ഗവ. എല്‍ പി സ്‌കൂളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ സി പീറ്റര്‍ ഉള്‍പ്പെട്ടത് ജില്ലയ്ക്ക് മറ്റൊരു അംഗീകാരമായി.2019 ലാണ്അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടുവന്‍ചാല്‍ ജിഎച്ച്എസ്എസില്‍ പച്ചത്തുരുത്ത് ആരംഭിക്കുന്നത്. തനത് ഫലവൃക്ഷങ്ങളുടേയും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളുടേയും സംരക്ഷണവും പരിപാലനവും അതിലൂടെ ജൈവവൈവിധ്യ സമ്പത്തിന്റെ മെച്ചപ്പെടുത്തലും ആയിരുന്നു ലക്ഷ്യം.കാടുപിടിച്ചു കിടന്നിരുന്ന രണ്ടേക്കര്‍ സ്ഥലത്താണ് ഹരിതാരണ്യം എന്ന പേരില്‍ പച്ചത്തുരുത്ത് ആരംഭിച്ചത്. കഴിഞ്ഞ ആറുവര്‍ഷക്കാലം കൊണ്ട് സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും തൊഴിലുറപ്പു പ്രവര്‍ത്തകരുടേയും സംയുക്തമായ ശ്രമത്താല്‍ സ്‌കൂളിലെ പച്ചത്തുരുത്ത് മികച്ചതായി.അപൂര്‍വ്വയിനം ഫലവൃക്ഷങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, തനത് ഇനങ്ങള്‍, വിദേശ ഇനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട നൂറുകണക്കിന് ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാണ് ഹരിതാരണ്യമിന്ന്.

പേര, വേങ്ങ, മണിമരുത്, ദേവതാരു, താന്നി, അമ്പഴം, അശോകം, രുദ്രാക്ഷം, ഞാവല്‍, പതിമുഖം, അയിനി, ചേര്, മന്ദാരം, ഉങ്ങ്, മാവ്, തെങ്ങ്, കശുമാവ്, ആത്തച്ചക്ക, ചെമ്പകം, നെല്ലി, കൊന്ന എന്നിങ്ങനെയുള്ള നാടന്‍ ഇനങ്ങളും സ്‌ട്രോബറി, ജംമ്പോട്ടിക്കാബ
മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍, സ്പാത്തോഡിയ, കനേഡിയന്‍ കൊന്ന, മില്‍ക്ക് ഫ്രൂട്ട്, ടെര്‍മിനലിയ എന്നീ വിദേശ ഇനങ്ങളും ഓര്‍ണമെന്റല്‍ പനകള്‍, വിവിധയിനം മുളകള്‍ എന്നിങ്ങനെ വൈവിധ്യപൂര്‍ണ്ണമായ ഇരുനൂറിലധികം ഫലവൃക്ഷങ്ങള്‍ സ്‌കൂളിലെ പച്ചത്തുരുത്തിലുണ്ട്. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും പുതിയ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നുമുണ്ട്.കാര്‍ബണ്‍ ന്യൂട്രല്‍പദ്ധതിയുടെ ഭാഗമായി പിടിഎയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ 2000 മുളകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. അമ്പതിലധികം വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട മുള ഉദ്യാനവും സ്‌കൂളിലുണ്ട്. കൂടാതെ വിദ്യാവനവും നക്ഷത്രവനവും സംരക്ഷിക്കുന്നു. അടുത്ത വര്‍ഷത്തോടെ സീറോ കാര്‍ബണ്‍ വിദ്യാലയമായി മാറാനുള്ളപ്രവര്‍ത്തനങ്ങള്‍ക്കും, സ്‌കൂളിന്റെ ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *