ബദല്‍പാതയ്ക്ക് വനംവകുപ്പിന്റേത് വ്യാജറിപ്പോര്‍ട്ട് തെളിവ് നിരത്തി കെഎസ്ഇബി
കല്‍പ്പറ്റ:ബദല്‍പാതയ്ക്ക് കണ്ടെത്തിയ ഭൂമി വനഭൂമിയാണെന്നും അപൂര്‍വ സസ്യജാലങ്ങളുടെ ആവാസ മേഖലയാണെന്നും വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നതിന്റെ തെളിവ് ആ ഭൂമിയില്‍ തന്നെയുള്ള കെഎസ്ഇബി റോഡ് എന്ന് കര്‍മസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.കുറ്റിയാംവയലില്‍ നിന്നു പൂഴിത്തോട്ടേക്കു പോകുന്ന പാതയില്‍ താണ്ടിയോട് എസ്റ്റേറ്റ് എത്തുന്നതിനു മുന്‍പ്, വെസ്റ്റ് ലാന്‍ഡ് എസ്റ്റേറ്റില്‍ റോഡിനു വേണ്ടി കെഎസ്ഇബി സ്ഥാപിച്ച കരിങ്കല്‍ക്കുറ്റികള്‍ കാണാം. 30 വര്‍ഷം മുന്‍പ് റോഡ് നിര്‍മാണം തുടങ്ങിയ കാലത്ത് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ കെഎസ്ഇബി ഇട്ടതാണവ. പലയിടത്തും ഇങ്ങനെ കെഎസ്ഇബി റോഡ് നിര്‍മാണം നടത്തിയിട്ടുണ്ട്.
2023ല്‍ ജില്ലാ വികസനസമിതിയുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളുടെയും കര്‍മസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ സംയുക്ത സ്ഥലപരിശോധനയില്‍ വനംവകുപ്പിന്റെ പല അവകാശവാദങ്ങളും തെറ്റായിരുന്നുവെന്നു തെളിയുകയും ചെയ്തു. ഒരു ഈട്ടിമരവും രണ്ട് വെണ്‍തേക്കുമൊഴികെ മറ്റു വിലപിടിപ്പുള്ള മരങ്ങളോ അപൂര്‍വ ജീവികളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാപ്പിയും കുരുമുളകും റബറുമെല്ലാം വിളയുന്ന പ്രദേശത്തെ ആര്‍ദ്ര ഇലപൊഴിയും വനം, ആര്‍ദ്ര നിത്യഹരിതവനം എന്നിങ്ങനെ ചിത്രീകരിക്കുകയായിരുന്നുവെന്നും സംയുക്ത പരിശോധനയില്‍ വ്യക്തമായി.
ബാണാസുര ജലാശയത്തില്‍ വളരെ സാധാരണമായ പുള്ളിച്ചുണ്ടന്‍ താറാവുകളെ വനത്തിനുള്ളിലെ അപൂര്‍വ ഇനം താറാവുകളായാണു വനംവകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തുണ്ടാക്കിയ നിക്ഷിപ്ത വനഭൂമിയെ റിസര്‍വ് ഫോറസ്റ്റ് എന്നും വിശേഷിപ്പിച്ചു. ഇങ്ങനെ തയാറാക്കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കൂടി കണക്കിലെടുത്താണു 1995ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം റോഡിനു നിര്‍മാണാനുമതി നിഷേധിച്ചത്.
വേഗതയില്ലാതെ റോഡ് വികസനം
നിര്‍ദിഷ്ട പുറക്കാട്ടിരിമൈസൂരു ദേശീയപാതയുടെ ഭാഗമായി പടിഞ്ഞാറത്തറപൂഴിത്തോട് ചുരമില്ലാ പാതയുടെ വികസനം വേഗത്തിലാക്കണമെന്ന ആവശ്യവും ഏറെ നാളായുള്ളതാണ്. ബെംഗളൂരുമലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഭാരത്മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പാതയ്ക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്രസര്‍ക്കാര്‍ 2022ല്‍ അറിയിച്ചെങ്കിലും പുരോഗതിയുണ്ടായില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടമൈസൂരു ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കു വേണ്ടി അലൈന്‍മെന്റുകള്‍ തയാറാക്കി ദേശീയപാത അതോറിറ്റിക്കു നല്‍കാന്‍ ഗാസിയാബാദ് ആസ്ഥാനമായ ചൈതന്യ പ്രോജക്ട് കണ്‍സല്‍റ്റന്‍സിയെ ചുമതലപ്പെടുത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. അടുത്തിടെ, ബന്ദിപ്പൂരില്‍ ചരക്കുവാഹനങ്ങള്‍ക്കുള്ള രാത്രിയാത്രാ നിയന്ത്രണം വൈകിട്ട് 6നു തന്നെ തുടങ്ങണമെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു നടപ്പിലായാല്‍ ചരക്കുനീക്കം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ഈ രണ്ടു പാതകളുടെയും പൂര്‍ത്തീകരണം ഒഴിവാക്കാനാകാത്തതായി. പുറക്കാട്ടിരിമൈസൂരു ഇടനാഴി പടിഞ്ഞാറത്തറപൂഴിത്തോട് പാത വഴിയാക്കിയാല്‍ 12 കിലോമീറ്റര്‍ ലാഭിക്കാമെന്നും കുറ്റ്യാടി ചുരത്തിലെ ദുര്‍ഘടയാത്ര ഒഴിവാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വഴിതെളിയിക്കാന്‍ വഴികളേറെ
വയനാട് തരിയോട്ടേയ്ക്കുള്ള പഴയ അലൈന്‍മെന്റിന്റെ കണക്കുകള്‍ വച്ചാണു ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഈ പാതയെ പറ്റി പറയുന്നതെന്നു വിവിധ കര്‍മസമിതികളുടെ പ്രവര്‍ത്തകര്‍ പറയുന്നു. പടിഞ്ഞാറത്തറയിലേക്ക് 27.225 കിലോമീറ്റര്‍ വേണ്ടി വരില്ലെന്നും നേരത്തെയുള്ള അലൈന്‍മെന്റില്‍ അനാവശ്യമായ വളവുകളുണ്ടെന്നും അവര്‍ പറയുന്നു.
‘പുതിയ പാതയുടെ വഴിയിലൂടെ പൂഴിത്തോടു മുതല്‍ പടിഞ്ഞാറത്തറ വരെ നടന്നവരാണു ഞങ്ങള്‍.’ കര്‍ഷകനും പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കര്‍മസമിതിയുടെ പ്രവര്‍ത്തകനുമായ ബോബന്‍ വെട്ടിക്കല്‍ പറഞ്ഞു. ‘1920 കിലോമീറ്ററേ വരൂ. ഇതില്‍, വനഭൂമിയിലൂടെ കടന്നുപോകുന്നതു 4 5 കിലോമീറ്റര്‍ മാത്രം. 5 കിലോമീറ്റര്‍ വനത്തില്‍ 2 കിലോമീറ്റര്‍ മാത്രമാണു റിസര്‍വ് വനം. ബാക്കി,3 കിലോമീറ്റര്‍ വരുന്നതു നിക്ഷിപ്ത വനഭൂമിയിലൂടെയാണ്.
ബാണാസുര സാഗര്‍ അണക്കെട്ടു നിര്‍മാണ സമയത്തു കെട്ടിയ വീടുകളുടെയും ചില എസ്റ്റേറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ ഈ വനഭൂമിയില്‍ ഞങ്ങള്‍ കണ്ടു. ഇതില്‍ തന്നെ, വനത്തിലെ വിലങ്ങന്‍പാറ തുരന്ന് 100 മീറ്റര്‍ പാത നിര്‍മിച്ചാല്‍ ദൂരം 2 കിലോമീറ്റര്‍ കണ്ടു പിന്നെയും കുറയും. കയറ്റവും കുറയ്ക്കാം. 1994ലെ കണക്കു പ്രകാരം 1500 മരങ്ങളാണു മുറിക്കേണ്ടിയിരുന്നത്. ഇന്ന് 400 മരങ്ങളേയുള്ളു. അതും പാഴ്മരങ്ങളാണ്. വിലപിടിപ്പുള്ളതോ പരിസ്ഥിതി പ്രാധാന്യമുള്ളതോ ആയ മരങ്ങള്‍ മുറിക്കേണ്ടവയിലില്ല.’ ബോബന്‍ പറഞ്ഞു.
ഒത്തുപിടിച്ചാല്‍ മലയും പോരും
പൂഴിത്തോട്പടിഞ്ഞാറത്തറ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ക്രിയാത്മക ഇടപെടല്‍ നടത്താനാകുക വനംവകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ്. പാത വന്നാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടാകുന്നതു ടൂറിസം മേഖലയ്ക്കാണ്. ഈ വകുപ്പുകളുടെ മന്ത്രിമാരും കോഴിക്കോട് ജില്ലയില്‍നിന്നു തന്നെയുള്ള ജനപ്രതിനിധികളുമായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും പൂഴിത്തോട്പടിഞ്ഞാറത്തറ റോഡിന്റെ കാര്യത്തില്‍ താല്‍പര്യമെടുക്കുന്നുണ്ടെന്നതാണു പ്രതീക്ഷ. ഷാഫി പറമ്പില്‍ എംപി, ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, ടി. സിദ്ദീഖ് എംഎല്‍എ എന്നിവരും പാത യാഥാര്‍ഥ്യമാക്കാന്‍ ഇടപെടുന്നു.
രണ്ടു ജില്ലകളിലെയും സര്‍വേ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനിയുള്ള ഓരോ ഘട്ടവും ശ്രദ്ധയോടെ നീക്കണം. കൃത്യവും ശാസ്ത്രീയവുമായ വിശദപദ്ധതി റിപ്പോര്‍ട്ട് തയാറാക്കി പുതിയ പ്രപ്പോസല്‍ നല്‍കുകയാണു പ്രധാനം. അനുമതി നേടിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഉദ്യോഗസ്ഥര്‍ തയാറാക്കുന്നത് എന്നതില്‍ ജനപ്രതിനിധികളുടെ മേല്‍നോട്ടമുണ്ടാകണം. പൂഴിത്തോട്പടിഞ്ഞാറത്തറ ചുരമില്ലാ പാത, ചിപ്പിലിത്തോട് തളിപ്പുഴ ചുരം ബദല്‍പാത, ആനക്കാംപൊയില്‍കള്ളാടി തുരങ്കപ്പാത, മൈസൂരുപുറക്കാട്ടിരി സാമ്പത്തിക ഇടനാഴി, അമ്പായത്തോട്40ാം മൈല്‍ റോഡ് ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയായാല്‍ മാത്രമേ വയനാടിന്റെ യാത്രാപ്രതിസന്ധിക്ക് ആശ്വാസമാകൂ





Leave a Reply