May 7, 2026

മുള്ളംകൊല്ലി; പ്രശ്നപരിഹാരം സജീവ് ജോസഫിനേയും ആലിപ്പറ്റ ജമീലയേയും ചുമതലപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

0
site-psd-388
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മുള്ളംകൊല്ലിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് ജില്ലയുടെ ചുമതലയുള്ള സജീവ് ജോസഫ് എംഎല്‍എയേയും കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീലയേയും ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. രണ്ടു ദിവസം കൊണ്ട് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരത്തിന് മാര്‍ഗനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ രണ്ടുപേര്‍ക്കും നിര്‍ദ്ദേശം നല്‍കി. അതിനെ തുടര്‍ന്ന് ആവശ്യമായ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.ഡിസിസി മുന്‍ ട്രഷറര്‍ എന്‍.എം വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കടബാധ്യത ധാര്‍മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ അടച്ചു തീര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാവശ്യമായ നടപടി എത്രയും വേഗം സ്വീകരിക്കും.

എന്‍.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം കെപിസിസി അച്ചടക്ക സമിതി അന്വേഷിച്ചിരുന്നു. വിജയന്റെ കുടുംബത്തെ കഴിയുന്നത്ര സഹായിക്കുമെന്നും കോണ്‍ഗ്രസ് അന്ന് തന്നെ വ്യക്തമാക്കിയതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് പലഘട്ടത്തിലായി കഴിയാവുന്ന കുറച്ച് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്‍.എം വിജയന്‍ നേരത്തെയും അദ്ദേഹത്തിന്റെ കുടുംബം പിന്നീടും ആവശ്യപ്പെട്ടതുമായ പ്രധാനകാര്യം ബത്തേരി അര്‍ബന്‍ ബാങ്കിലെ വായ്പയേറ്റടുക്കുന്നതാണ്. വായ്പയുടെ സ്വഭാവം, അത് എപ്പോഴെല്ലാം പുതുക്കി.എത്ര തവണ പിന്‍വലിച്ചു, ആര്‍ക്കൊക്കെ പണം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനുള്ള സമയമല്ലിതെന്ന് ചൂണ്ടികാട്ടിയ സണ്ണി ജോസഫ് കോണ്‍ഗ്രസ് നേതാവായ വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരം കാണുന്നതിനാണ് പാര്‍ട്ടി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി. കടബാധ്യത ഏറ്റെടുത്ത് ബാങ്കുമായി ചര്‍ച്ച നടത്തി കടം എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കണമെന്നാണ് എന്‍.എം വിജയന്റെ ആത്മഹത്യ കുറിപ്പിലെ അഭ്യര്‍ത്ഥന. എന്നാല്‍ കടം എഴുതിത്തള്ളുന്നതിന് ബാങ്കിന് ചില പരിമിതികളുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *