April 16, 2026

ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു

0
site-psd-419
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അട്ടമലമുണ്ടക്കൈ പ്രദേശങ്ങളെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്ന ബെയിലി പാലത്തിലൂടെയുള്ള യാത്രയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവുകള്‍ അനുവദിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രവേശന വിലക്കില്ലാത്ത ഗോ സോണ്‍ ഏരിയകളിലേക്കുള്ള യാത്രയ്ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബെയിലി പാലം കടന്നുപോകാനാണ് അനുമതിയുള്ളത്.
നാട്ടുകാര്‍ക്കും തോട്ടം ഉടമകള്‍ക്കും ഈ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതിനും തൊഴിലാളികളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങളില്‍ ഇളവ് തേടി നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

എന്നാല്‍ സുരക്ഷാചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ കാല്‍നട യാത്രക്കാരെ പാലത്തിലൂടെ കടത്തിവിടൂ. ഭാരമേറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അനുവദിക്കില്ല. അട്ടമലമുണ്ടക്കൈ ഭാഗങ്ങളിലെ ഗോസോണ്‍ പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് ചൂരല്‍മല ടൗണില്‍ നോ ഗോ സോണ്‍ തുടങ്ങുന്ന സ്ഥലം മുതല്‍ കാല്‍നടയായി ബെയിലി പാലത്തിലൂടെ നടന്ന് മറുവശത്ത് എത്താം. ശേഷം ഇവര്‍ക്ക് പോകാനായി പാലത്തിന് അപ്പുറത്ത് വാഹനം ഏര്‍പ്പെടുത്താവുന്നതാണ്. പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി പ്രത്യേക പാസ് അനുവദിക്കും.

വൈകുന്നേരം ആറ് മണിക്ക് ശേഷം ചികിത്സ പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നോ ഗോ സോണ്‍ പ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ല. ശക്തമായ മഴയോ മഴ മുന്നറിയിപ്പുകളോ ഉള്ള സമയത്ത് മുന്നറിയിപ്പ് കൂടാതെ തന്നെ ബെയിലി പാലത്തിലൂടെയുള്ള സഞ്ചാരം നിര്‍ത്തിവെയ്ക്കും. പ്രദേശത്ത് നിയമലംഘനങ്ങളുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ്, റവന്യൂ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *