പ്രാഥമികതലത്തില്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മന്ത്രി ഒ ആര്‍ കേളു
കണിയാമ്പറ്റ :പ്രാഥമികതലത്തില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും പട്ടികജാതി പട്ടികവര്‍ഗ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സമസ്ത മേഖലകളിലും കഴിവുള്ള വിദ്യാര്‍ത്ഥികളുടെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കും. കലാ-കായിക മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും കായിക മേഖലയില്‍ കണിയാമ്പറ്റ എംആര്‍എസ് മറ്റ് ജില്ലക്കാര്‍ക്ക് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കളിച്ചു, പഠിച്ചു, വളര്‍ന്ന് മുന്നോട്ടുപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച എംആര്‍എസ് കണിയാമ്പറ്റയിലെതാണെന്നും അധ്യക്ഷത വഹിച്ച ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു.
1.12 കോടി രൂപ ചിലവില്‍ 4700 ചതുരശ്രഅടി വിസ്തൃതിയിലാണ് സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. ഉന്നത ഗുണനിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ മൂന്ന് ക്ലാസ് റൂം, പ്രിന്‍സിപ്പാള്‍ റൂം, സ്റ്റാഫ് റൂം, സ്‌പോട്‌സ് റൂം, വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഉള്ള ആറ് ശുചിമുറികള്‍, വാഷ് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്.2.08 കോടിയുടെ ഹോസ്റ്റല്‍ കെട്ടിട നിര്‍മാണത്തിന് ശിലയിട്ടു.കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 2.08 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 8000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ആറ് ഡോര്‍മറ്ററി റൂം, കുട്ടികള്‍ക്കായി അഞ്ച് ബാത്ത് റൂം, ഏഴ് ശുചിമുറി, വാഷ് ഏരിയ, വാര്‍ഡന്‍ റൂം, ലോബി, സ്റ്റോര്‍ റൂം, സിക്ക് റൂം, ജീവനക്കാര്‍ക്കായി രണ്ട് ശുചിമുറി, വരാന്ത, പാസേജ് എന്നിവയും ബാത്ത് അറ്റാച്ച്ഡ് ഗസ്റ്റ് റൂം, ടിവി റൂം, ലൈബ്രറി എന്നിവയുമാണ് കെട്ടിടത്തില്‍ ഉണ്ടാവുക. കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു.
വിവിധ പോസ്റ്റ്‌മെട്രിക് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ പട്ടികവര്‍ഗ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പുസ്തകം എന്നിവ വാങ്ങുന്നതിനും ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ ജില്ലയ്ക്കു പുറത്ത് പോസ്റ്റ്‌മെട്രിക് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് പ്രാരംഭചെലവുകള്‍ക്കുള്ള ധനസഹായവും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സ്‌കൂളിനായി അനുവദിച്ച കായിക ഉപകരണങ്ങളുടെ വിതരണവും മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍
ഡോ. മിഥുന്‍ പ്രേംരാജ്, കേന്ദ്രം എക്സി. സെക്രട്ടറി ഒ കെ സാജിദ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജി പ്രമോദ്, ടിഡിഒമാരായ കെ കെ മോഹന്‍ദാസ്, എം മജീദ്, സ്‌കൂള്‍ പ്രധാനാധ്യാപിക ജസീല കൈനാടന്‍, പി ടിഎ പ്രസിഡന്റ് ഇ എ ബാലകൃഷ്ണന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.




Leave a Reply