ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിന്ന് ജില്ലയില്‍ തുടക്കമായി

കല്‍പ്പറ്റ:ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപൂര്‍വ്വം ക്യാമ്പയിന് വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ സൈക്കിള്‍ റാലിയോടെ തുടക്കമായി. ഹൃദയ സ്തംഭനം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കാനായി പൊതുജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നതാണ് ഹൃദയപൂര്‍വം പദ്ധതി.ഹൃദയസ്തംഭനം ഉണ്ടായ ഒരാള്‍ക്ക് പ്രഥമ ശുശ്രൂഷ, പെട്ടെന്ന് തന്നെ നല്‍കുന്ന ഒരു മാര്‍ഗമാണ് സിപിആര്‍. ഈ പരിശീലനത്തിലൂടെ പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം.
ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും രോഗനിവാരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ പ്രഥമ ശുശ്രൂഷയെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്ക്കരിക്കാനാണ് ശ്രമം.കുഴഞ്ഞ് വീണ് ഉണ്ടാകുന്ന മരണങ്ങളില്‍, ചിലര്‍ക്കെങ്കിലും കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ കിട്ടിയിരുന്നെങ്കില്‍ അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സാധിക്കുമായിരുന്നു. മതിയായ പരിശീലനം ലഭിച്ച ആരും സമീപത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് അത് സംഭവിച്ചത്. അത്തരം ഒരു ദുരവസ്ഥ ഇനിയുണ്ടാകാന്‍ പാടില്ലെന്നത് ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ സിപിആര്‍ പരിശീലന പരിപാടി ജില്ല കലക്ടര്‍ ഡി ആര്‍ മേഘശ്രീ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി അധ്യക്ഷത വഹിച്ചു . ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. ദീപ കെ ആര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. രാജേഷ് കുമാര്‍ എം പി, സെക്രട്ടറി ഡോ. സ്മിത വിജയ്, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സുഷമ പി എസ്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജല്‍ എന്നിവര്‍ സംസാരിച്ചു.
വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന സൈക്കിള്‍ റാലി ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. ദീപ. കെ ആര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സൈക്കിള്‍ റാലി കല്‍പറ്റ, ചുണ്ടേല്‍, മേപ്പാടി വഴി 30 കിലോമീറ്ററുകള്‍ സഞ്ചരിച്ച് കല്‍പറ്റ സിവില്‍ സ്റ്റേഷനില്‍ അവസാനിച്ചു. ഹൃദയപൂര്‍വ്വം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ 11 സ്ഥലങ്ങളില്‍ സിപിആര്‍ പരിശീലന പരിപാടികള്‍ നടത്തി. സിവില്‍ സ്റ്റേഷന്‍ പഴശ്ശി ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ സെഷനുകളിലായി ഉദ്യോഗസ്ഥരും കടുംബശ്രീ പ്രവര്‍ത്തകരും വയനാട് ബൈക്കേഴ്സ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. മാനന്തവാടി ജില്ലാ ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും, കല്‍പറ്റ ഡീ പോള്‍ സ്‌കൂള്‍, പൂക്കോട് ജവഹര്‍ നവോദയ സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലും, കേരള വെറ്റിനറി & അനിമല്‍ സയന്‍സ് കോളജിലും സിപിആര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. 1200 ഓളം പേര്‍ക്ക് ജില്ലയില്‍ ലോക ഹൃദയ ദിനത്തില്‍ സിപിആര്‍ പരിശീലനം നല്‍കി.
Leave a Reply