September 29, 2025

ഓപ്പണ്‍ ഫോറത്തില്‍ ശ്രദ്ധേയമായി പൊതുജന നിര്‍ദ്ദേശങ്ങള്‍

0
site-psd-644

By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസില്‍ ശ്രദ്ധേയമായി ഓപ്പണ്‍ ഫോറത്തിലെ പൊതുജന നിര്‍ദ്ദേശങ്ങള്‍. പഞ്ചായത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സംതൃപ്തി അറിയിക്കുകയും ഭാവിയില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തു. ഗ്രാമീണ റോഡ് വികസനം, ടൂറിസം, വയോജന സംരക്ഷണം, പകല്‍ വീടുകളുടെ വിപുലീകരണം, വനിതകളുടെ സ്വയം പര്യാപ്തത, നൂതന സംരംഭങ്ങള്‍, അമ്പലവയല്‍ എഫ് എച്ച് എസ് സി താലൂക്കാശുപത്രിയായി ഉയര്‍ത്തല്‍, തെരുവുനായ ശല്യം പരിഹരിക്കല്‍, നൂതന തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ സമഗ്ര പദ്ധതികള്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി.

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കാനും ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനും പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു. വയോജനങ്ങള്‍ക്കായി തയ്യാറാക്കിയ പകല്‍ വീടുകളിലേക്ക് വാഹന സൗകര്യം, ഭക്ഷണം, മിനി ലൈബ്രറി, വിവിധ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നും ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് പഞ്ചായത്ത് തലത്തില്‍ ശക്തമായ പദ്ധതികള്‍ നടപ്പാക്കണം. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്നും കുഴഞ്ഞുവീണ് മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സിപിആര്‍. പരിശീലനം ബോധവത്കരണം നല്‍കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കണം.

കാരപ്പുഴ പദ്ധതി പ്രദേശത്തെ കാര്‍ഷിക മേഖലയില്‍ വന്യമൃഗ ശല്യം കുറയ്ക്കാന്‍ അടിക്കാട് വെട്ടി ഉദ്യാനം നിര്‍മ്മിക്കാനും പ്രദേശത്തെ ഉന്നതിയിലേക്ക് ഗതാഗത സൗകര്യവും ലഭ്യമാക്കാനും നിര്‍ദ്ദേശമുയര്‍ന്നു. പെരുമ്പാടിക്കുന്ന്-ചെറുവയല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്ക പാലം യാഥാര്‍ത്ഥ്യമാക്കല്‍, ആയിരംകൊല്ലി -മീനങ്ങാടി-54 റോഡിലെ നടപ്പാത സംരക്ഷണ ഭിത്തി നിര്‍മ്മിക്കല്‍, പഞ്ചായത്തിലെ
കിടപ്പുരോഗികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ ഉറപ്പാക്കല്‍, അങ്കണവാടികളില്‍ വൈഫൈ സൗകര്യം ബേബി ഫ്രണ്ട്ലി ടോയ്ലറ്റ് നിര്‍മ്മാണവും ചര്‍ച്ച ചെയ്തു.

പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാടുകള്‍ക്ക് വികസന സദസിലെ ഓപ്പണ്‍ ഫോറത്തില്‍ അവതരിപ്പിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *