വയനാട് പുനരധിവാസം: കേന്ദ്രം അനുവദിച്ചത് തുച്ഛമായ തുക: അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് തുച്ഛമായ തുകമാത്രമാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. 2221 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 260.56 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് യഥാര്‍ഥ്യത്തില്‍ ദുരന്തബാധിതരായ ജനങ്ങളോടും സംസ്ഥാനത്തോടും കാണിക്കുന്ന രാഷ്ട്രീയ വിവേചനമാണ്. ദുരത്തില്‍ കാണിക്കേണ്ട മനുഷ്യത്വമില്ലാത്ത സമീപനം സ്വീകരിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ഹൃദയഭേദകമാണെന്നും സിദ്ധിഖ് പറഞ്ഞു. ഒരു കാരണവശാലും കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. ദുരന്തമുണ്ടായ സമയത്ത് പ്രധാനന്ത്രിയുടെ സന്ദര്‍ശനം വരെ വലിയ പ്രതീക്ഷയായിരുന്നെന്നും എംഎല്‍എ പറഞ്ഞു.
പ്രധാനമന്ത്രി ദുരന്തസ്ഥലം കണ്ടു, ദുരിതാശ്വാസക്യാമ്പിലും, ആശുപത്രിയിലുമെത്തി. ഇതിന് ശേഷം കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങള്‍ ഒറ്റക്കെല്ല, രാജ്യവും കേന്ദ്രസര്‍ക്കാരും കൂടെയുണ്ടെന്നാണ്. എന്നാല്‍ ആ വാക്കുകളൊന്നും പാലിക്കപ്പെട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വലിയ തുക നല്‍കുമ്പോള്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് നല്‍കിയത് വായ്പയായിരുന്നു. കേരളം ആവശ്യപ്പെട്ട ഗ്രാന്റ് നല്‍കിയില്ലെന്ന് മാത്രമല്ല, പി ഡി എന്‍ എ റിപ്പോര്‍ട്ടാണ് 2221 കോടി രൂപയുടെ ആവശ്യം മുന്നോട്ടുവെച്ചത്. അതിലാണ് ഇപ്പോള്‍ ഇത്രയും തുക മാത്രം അനുവദിച്ചിരിക്കുന്നത്. ഉരുള്‍ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നും, ബാങ്കിലെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ ഒന്നിച്ച് പ്രമേയം പാസാക്കി. എന്നാല്‍ ദുരന്തബാധിതരോട് ചെയ്യാന്‍ പാടില്ലാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. നിലവിലെ കേന്ദ്രത്തിന്റെ സമീപനത്തിലൂടെ പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം ദുരന്തബാധിതര്‍ സംശയിച്ചത് പോലെ ഫോട്ടോഷൂട്ടിന് വേണ്ടിയാണെന്ന് ബോധ്യപ്പെടുന്നതാണ്. രണ്ട് കേന്ദ്രസഹമന്ത്രിമാര്‍ കേരളത്തിലുണ്ട്. ഇതിനെ കുറിച്ച് ഒരക്ഷരം ഇന്ന് വരെ ഇരുവരും പറഞ്ഞിട്ടില്ല. ദുരന്തമുണ്ടായതിന് ശേഷം ഓരോ കാര്യങ്ങളിലും കേന്ദ്രം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.





Leave a Reply