പത്താമത് ദേശീയ ആയുര്‍വേദ ദിന വാരാചരണരണത്തിന്റെ സമാപന ചടങ്ങ് കല്‍പറ്റയില്‍ നടത്തി
കല്‍പ്പറ്റ:”ആയുര്‍വേദം മനുഷ്യര്‍ക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27-ന് കല്പറ്റ നഗരത്തില്‍ നടത്തി. ചടങ്ങ് എം.എല്‍.എ ശ്രീ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് സ്വാഗതം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ കുമാര്‍ അധ്യക്ഷനായി.
ചടങ്ങില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. പ്രഷീല കെ, എ.എം.എ.ഐ വയനാട് സെക്രട്ടറി ഡോ. രാജീഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ടന്റ് വിനോദ് എം എസ് ചടങ്ങിന് നന്ദി അര്‍പ്പിച്ചു. ചടങ്ങിന്റെ ഭാഗമായി കല്പറ്റ പോലീസ് സൂപ്രണ്ടന്റ് തപോഷ് ബസുമതാരി പതാകകാട്ടി ആരംഭിച്ച ആയുര്‍വേദ പ്രചാരണ ജാഥയില്‍ ആയുര്‍വേദത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 400 ഓളം ആളുകള്‍ പങ്കെടുത്തു. സമാ പനസമ്മേളനത്തിന്റെ ഭാഗമായി യോഗ നൃത്താവിഷ്‌ക്കാരവും, നാടന്‍ പാട്ടും സംഘടിപ്പിച്ചു.
പത്താമത് ദേശീയ ആയുര്‍വേദ ദിനം സെപ്റ്റംബര്‍ 23-ന് ‘Ayurveda for People and Planet’ എന്ന പ്രമേയവുമായി ആഘോഷിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആയുര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍, ഫുഡ് എക്‌സ്‌പോ, ഔഷധസസ്യ പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ നടന്നു.





Leave a Reply