ഉരുള്‍ ദുരന്തം: 10 വീടുകളുടെ നിര്‍മാണത്തിന്എറണാകുളം- അങ്കമാലി അതിരൂപതയുടെ സഹായം
കല്‍പ്പറ്റ:മേപ്പാടി പുഞ്ചരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ 10 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക സഹായം.അതിരൂപതയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം വാഴവറ്റയില്‍ വെല്‍ഫെയര്‍ സര്‍വീസ് എറണാകുളം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജോസഫ് കൊളത്തുവേലില്‍ നിര്‍വഹിച്ചു.വീട് ഒന്നിന് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയാണ് അതിരൂപത നല്‍കുന്നത്. മാനന്തവാടി രൂപത വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി നടപ്പാക്കുന്ന ഭവനപദ്ധതിയുമായി സഹകരിച്ചാണിത്.മാനന്തവാടി രൂപത വാഴവറ്റയില്‍ രണ്ട് സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന 45 ഭവനങ്ങളില്‍ 10 എണ്ണത്തിന്റെ പ്രവൃത്തിക്കാണ് അതിരൂപതയുടെ സഹായം.
ദുരന്തബാധിര്‍ക്കു വിനിയോഗിക്കുന്നതിന് അതിരൂപതയിലെ ഇടവകകളില്‍നിന്നാണ് ധനസമാഹരണം നടത്തിയത്.തുക രൂപതയുടെ സാമൂഹിക വികസന വിഭാഗമായ വെല്‍ഫെയര്‍ സര്‍വീസ് എറണാകുളം മുഖേനയാണ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭവന നിര്‍മാണ പദ്ധതിയില്‍ ലഭ്യമാക്കുന്നത്. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സികുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ദീപു ജോസഫ്, മാനന്തവാടി രൂപത പബ്ലിക് റിലേഷന്‍സ് ടീം അംഗം സാലു ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.





Leave a Reply