ശാസ്ത്രാവബോധം വളര്‍ത്താന്‍ എംആര്‍എസുകളിലെ മഴവില്ല് പദ്ധതി പൂര്‍ണ വിജയം
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം, അന്വേഷണാത്മക – വിമര്‍ശനാത്മക ചിന്ത വളര്‍ത്താന്‍ആവിഷ്‌കരിച്ച മഴവില്ല് പദ്ധതിയ്ക്ക് പൂര്‍ണവിജയം. സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ മുഖേനെ ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലാണ് പദ്ധതി പുരോഗമിക്കുന്നത്. ശാസ്ത്ര വിഷയങ്ങള്‍ കുട്ടികളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിഷയം മനഃപാഠമാക്കുന്നതിന് പകരം ചിന്താപ്രക്രിയയ്ക്ക് ഊന്നല്‍ നല്‍കി കളിച്ചും കൂട്ടുകൂടിയും വിശകലനം ചെയ്തും ശാസ്ത്ര പാഠങ്ങള്‍ പഠിക്കുകയാണ് മഴവില്ല് പദ്ധതിയിലൂടെ.മൂന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളില്‍ വിമര്‍ശനാത്മക ചിന്തയും അപഗ്രഥന ശേഷിയും മെച്ചപ്പെടുത്തുക, ശാസ്ത്രാവബോധം വളര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ ശാസ്ത്രപഠനം ശക്തിപ്പെടുത്താനും ശാസ്ത്ര പരിശീലന രീതി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നുണ്ട്. പഠന ലക്ഷ്യങ്ങളും ആശയങ്ങളും അഞ്ച് പ്രത്യേക തീമുകളിലായി വിഭജിച്ച് ഉപതീമുകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകരെ തീമാറ്റിക് ഗ്രൂപ്പിലും ക്രോസ്സ് തീമാറ്റിക് ഗ്രൂപ്പിലും പങ്കാളികളാക്കിയാണ് മഴവില്ല് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതോടൊപ്പം കുട്ടികളുടെ പഠനപ്രക്രിയയില്‍ മേല്‍നോട്ടം വഹിക്കുന്ന മദര്‍ അനിമേറ്റര്‍മാരുടെ പരിശീലനത്തിലും പാഠ്യപദ്ധതി മികവുറ്റതാക്കുന്നതിനുള്ള ചര്‍ച്ചകളിലും അധ്യാപകര്‍ പങ്കാളികളാണ്.സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ റസിഡന്‍ഷല്‍ നിലവില്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
നേരിട്ടുള്ള അധ്യാപന രീതി ഒഴിവാക്കി പഠനത്തിന് പിന്തുണ നല്‍കുന്ന കമ്മ്യൂണിറ്റി സ്‌കഫോള്‍ഡിങ് രീതിയിലൂടെയാണ് പ്രവര്‍ത്തനം. മറ്റ് ഗവേഷണ, അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനപ്പെടുത്തി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നു. പ്രവൃത്തി ചെയ്ത് പഠിക്കുക അല്ലെങ്കില്‍ കുട്ടികള്‍ അറിവ് നിര്‍മ്മിക്കുകയെന്ന ആശയത്തില്‍ പുതിയ തിരിച്ചറിവുകളിലേക്കു നയിക്കുന്ന മാര്‍ഗ നിര്‍ദേശകരുടെ സ്ഥാനമാണ് ഇവിടെ അധ്യാപകര്‍ക്ക്.





Leave a Reply