വയനാട് ജില്ലയ്ക്ക് നീതി ആയോഗ് പുരസ്‌കാരം

കല്‍പ്പറ്റ: ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ സുരക്ഷ ക്യാമ്പയിന് നീതി ആയോഗിന്റെ ദേശീയ അംഗീകാരം. രാജ്യത്തെ ആസ്പിരേഷന്‍ ജില്ലകളില്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ മാതൃകാ പദ്ധതികളില്‍ സാമ്പത്തിക ഉള്‍ചേരലും നൈപുണി വികസനവും ഉള്‍പ്പെട്ട മേഖലയിലാണ് ജില്ലയിലെ സുരക്ഷ ക്യാമ്പയിന് ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലുള്ള കുടുംബങ്ങളെ ദേശീയ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2022-ല്‍ സുരക്ഷ ക്യാമ്പയിന്‍ ആരംഭിച്ചത്.
പദ്ധതിയിലൂടെ പി.എം.എസ്.ബി.വൈ (പ്രധാന്‍ മന്ത്രി സുരക്ഷ ബിമ യോജന), പി.എം.ജെ.ജെ.ബി.വൈ (പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബിമ യോജന), അടല്‍ പെന്‍ഷന്‍ യോജന എന്നിവയുള്‍പ്പെടെയുള്ള ദേശീയ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ കുടുംബങ്ങളെ ചേര്‍ത്തതിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ ജില്ല വിജയിച്ചു.
രാജ്യത്ത് സുരക്ഷ ക്യാമ്പയിനില്‍ സമ്പൂര്‍ണ്ണ നേട്ടം വൈകവരിച്ച ആദ്യത്തെ വാര്‍ഡായി തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുപുറമെ സമ്പൂര്‍ണനേട്ടം കൈവരിച്ച ആദ്യ പഞ്ചായത്തായി നൂല്‍പുഴയും ബ്ലോക്ക് നഗരസഭാ വിഭാഗങ്ങളില്‍ ബത്തേരിയും ആദ്യ ജില്ലയായി വയനാടും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ആസൂത്രണ സമിതി, നബാര്‍ഡ്, റിസര്‍വ് ബാങ്ക്, ലീഡ് ബാങ്ക്, മറ്റു ബാങ്കുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള സഹകരണത്തോടെയാണ് മികച്ച നേട്ടം ജില്ല കൈവരിച്ചത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ-പോഷകാഹാര രംഗത്തും ജില്ലയില്‍ നടപ്പാക്കിയ മാതൃക പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നീതി ആയോഗിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് നീതി ആയോഗിന്റെ പ്രത്യേക പരാമര്‍ശത്തിനും അംഗീകാരത്തിനും ജില്ലയെ അര്‍ഹമാക്കിയത്.
Leave a Reply