വയനാട് ജില്ലാ സ്‌പെക്ട്രം ജോബ് ഫെയര്‍ സമാപിച്ചു

കല്‍പ്പറ്റ:വയനാട് ജില്ലയിലെ ഐടിഐ വിദ്യാര്‍ഥികള്‍ക്കായി പുളിയാര്‍മല കെഎംഎം ഗവ. ഐടിഐയില്‍ സംഘടിപ്പിച്ച സ്‌പെക്ട്രം ജോബ് ഫെയര്‍ 2025 സമാപിച്ചു.വയനാട് ജില്ലയിലെ 692 ഐടിഐ സീറ്റുകളില്‍ വിവിധ ട്രേഡുകളിലായി 650 പേര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ 490 പേര്‍ ഇതിനകം തൊഴില്‍ നേടുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കല്‍പറ്റ മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ അധ്യക്ഷനായി.വിജ്ഞാന കേരളം വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി എസ് ശ്രീജിത്ത് ശിവരാമന്‍ മുഖ്യ പ്രഭാഷണം നടത്തി.
ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്കും മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ , ഡിഡബ്ല്യുഎംഎസ് എന്നിവയുമായി സഹകരിച്ച് നടത്തിയ തൊഴില്‍ മേളയില്‍ 22 കമ്പനികള്‍ പങ്കെടുക്കുകയും 149 പരിശീലനാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്തു. ഇതില്‍ 52 പേര്‍ക്ക് സെലക്ഷന്‍ ലഭിക്കുകയും 85 പേര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി.
ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് വികാസ് .എസ് സ്വാഗതം പറഞ്ഞു. കല്‍പറ്റ ഗവണ്മെന്റ് ഐടി ഐ പ്രിന്‍സിപ്പല്‍ ശ്രീജ എസ്.എന്‍. നന്ദി പ്രകാശനം നടത്തി. മേഖല ജോയിന്റ് ഡയറക്ടര്‍ സുധാ ശങ്കര്‍ .ആര്‍. മുഖ്യാതിഥിയായിരുന്നു.ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മെക്കാനിക് ഡീസല്‍ ട്രേഡില്‍ ദേശീയ ടോപ്പര്‍ അഖില്‍ദേവ് പി.ആര്‍.-നെയും ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് ട്രേഡില്‍ മുഴുവന്‍ മാര്‍ക്ക് നേടി ദേശീയ ടോപ്പര്‍മാരായ ഷഹാന ഷെറിന്‍, ഫര്‍ഹാന ഫാത്തിമ എം.കെ. എന്നിവരെയും സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കി അനുമോദിച്ചു.
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നീണ്ടുനിന്ന ജോബ് ഫെയറില്‍ നിര്‍മാണ മേഖല, ഹോസ്പിറ്റാലിറ്റി വ്യവസായം, ഐടി/ടെക്‌നോളജി, മാനുഫാക്ചറിങ്, റീട്ടെയില്‍ & സേവന മേഖല എന്നിവയില്‍ നിന്നുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുത്തു.
കെഎംഎം ഗവണ്‍മെന്റ് ഐടിഐ കല്‍റ്റ, നെന്മേനി ഗവണ്‍മെന്റ് (വനിതാ) ഐടിഐ, ഗവണ്‍മെന്റ് ഐടിഐ വെള്ളമുണ്ട, മാര്‍ അത്തനേഷ്യസ് പ്രൈവറ്റ് ഐടിഐ, എല്‍ഡൊറാഡോ പ്രൈവറ്റ് ഐടിഐ, ഐടെക് പ്രൈവറ്റ് ഐടിഐ ബത്തേരി എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Leave a Reply