ഇരട്ട സഹോദരിമാരുടെ കവിതാസമാഹാരം നവേന്ദു ‘കിരണങ്ങള്‍’ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു
പുല്‍പ്പള്ളി: പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളും ഇരട്ടസഹോദരങ്ങളുമായ വൈഗ എ എസ്, വൈഖരി എ എസ് എന്നിവരുടെ കവിതാസമാഹാരം ‘നവേന്ദുകിരണങ്ങള്‍’ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.വൈഗയും, വൈഖരിയും അഞ്ചാംക്ലാസ് മുതല്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു.
അര്‍ത്ഥവും വ്യാപ്തിയുമുള്ള വരികള്‍ ഇരുവരുടെയും ഓര്‍മ്മകളുടെയും, അനുഭവങ്ങളുടെയും പ്രതിഫലനങ്ങളായി മാറിയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യപാതിയില്‍ വൈഗയും മറുപാതിയില്‍ വൈഖരിയുമാണ് എഴുതിയിരിക്കുന്നത്. നവേന്ദുകിരണങ്ങള്‍ എന്ന പേരില്‍ പോലും പ്രതീക്ഷയുടെ നാമ്പുകള്‍ മുളക്കുന്ന ഒരനുഭൂതിയുണ്ടെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ പ്രീത ജെ പ്രിയദര്‍ശനി കുറിക്കുന്നുണ്ട്. മഴയോടും, ഭൂമിയോടുമുള്ള പ്രണയത്തില്‍ തുടങ്ങി വര്‍ത്തമാനകാലത്തിലേക്കും, അതിന്റെ വിഹ്വലതകളിലേക്കും ഇരുവരും ആഴത്തില്‍ കടന്നുചെല്ലുന്നുണ്ട്. മ-മതം മ-മനുഷ്യന്‍ എന്ന വൈഖരിയുടെ കവിതയും, കാട്ടുതീയെന്ന വൈഗയുടെ കവിതയും കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നതാണ്. മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തിന്റെ മുഖം വരികള്‍ക്കിടയില്‍ ഈ സഹോദരിമാര്‍ ഒളിപ്പിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഓരോ കവിതകളും അര്‍ത്ഥങ്ങളെയും ആശയങ്ങളെയും പേറുന്നവയാണ്. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വി രവീന്ദ്രനും, മലയാളം അധ്യാപകനായ ടി എസ് ഷിജുവും ചേര്‍ന്നാണ് ഇരുവരുടെയും സര്‍ഗാത്മകമായ കഴിവുകള്‍ കണ്ടെത്തുന്നതും ഇത്തരമൊരു പുസ്തകത്തിലേക്ക് എത്തിക്കുന്നതും. എഴുത്തിനപ്പുറത്ത് ചിത്രരചനയിലും കഴിവു തെളിയിച്ചിട്ടുള്ള ഈ മിടുക്കികള്‍ ഓടക്കുഴല്‍ വായനയിലും മികവ് പുലര്‍ത്തുന്നു.
പുല്‍പ്പള്ളി ആളാക്കടവില്‍ എ എസ് സുനില്‍കുമാര്‍-പ്രിയ കെ ആര്‍ എന്നിവരുടെ മക്കളാണ് വൈഗയും വൈഖരിയും. വേദിക എ എസാണ് സഹോദരി. ഇരുവരുടെയും അച്ഛമ്മ സി കെ സുകുമാരി 33 വര്‍ഷം ജയശ്രീ സ്‌കൂളിലെ ഓഫീസ് സ്റ്റാഫായി ജോലി ചെയ്തിരുന്നു. ഇവര്‍ക്കാണ് ഈ പുസ്തകം ഇരുവരും സമര്‍പ്പിച്ചിരിക്കുന്നത്. പിതാവിന്റെ സഹോദരനായ അനില്‍കുമാര്‍ എ എസ് ഇവിടെ ഹിന്ദി അധ്യാപകനായി ജോലി ചെയ്തുവരികയാണ്. പ്രകാശനചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ്, പി പ്രസന്നകുമാര്‍, അധ്യാപകരായ വി രവീന്ദ്രന്‍, ടി എസ്ഷിജു, ഇളയച്ഛനും അധ്യാപകനുമായ അനില്‍കുമാര്‍ എ എസ്, അമ്മ പ്രിയ കെ ആര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ചിത്രം സഹിതം മന്ത്രി വി ശിവന്‍കുട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു.





Leave a Reply