21 -ാമത് സംസ്ഥാന എക്‌സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയില്‍ തുടക്കം
കല്‍പ്പറ്റ:സംസ്ഥാന എക്‌സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയില്‍ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന 21-മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയുടെ ഉദ്ഘാടനം കല്‍പറ്റ മരവയല്‍ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിലും സാമൂഹിക സുരക്ഷയിലും നിര്‍ണായക പങ്ക് വഹിക്കുന്ന വകുപ്പാണ് എക്സൈസ് വകുപ്പെന്ന് അഭിപ്രായപ്പെട്ട മന്ത്രി കലാ-കായിക രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ നയപരമായ ഉത്തരവാദിത്വമാണെന്നും കൂട്ടിച്ചേര്‍ത്തു.
മേളയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 1500ല്‍ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ആദ്യമായാണ് സംസ്ഥാന എക്സൈസ് കലാ-കായിക മേള വയനാട് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന വേളയില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ 14 ജില്ലകളില്‍ വയനാട് ജില്ല ഒന്നാം സ്ഥാനം നേടി. കായിക മത്സരങ്ങള്‍ കല്‍പ്പറ്റ മരവയല്‍ ജനചന്ദ്രന്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തിലും കലാമത്സരങ്ങള്‍ മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് അരങ്ങേറുന്നത്. ഫുട്‌ബോള്‍, കബഡി, ക്രിക്കറ്റ്, ചെസ്, ബാഡ്മിന്റണ്‍, വോളിബോള്‍, വടംവലി എന്നിവയും വിവിധ വേദികളിലായി നടക്കും. ഒക്ടോബര്‍ 16-ന് മലപ്പുറം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ലക്കിടിയില്‍ എത്തിച്ചേരുകയും തുടര്‍ന്ന് വാദ്യമേള അകമ്പടിയോടെ വൈത്തിരി, ചുണ്ട, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പ്രയാണം നടത്തി ഉദ്ഘാടന വേദിയില്‍ എത്തുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് നടന്ന ഇരുപതാമത് മേളയിലെ വ്യക്തിഗത ചാമ്പ്യന്മാരെയും കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ നേടിയവരെയും വേദിയില്‍ ആദരിച്ചു. മേളയുടെ സമാപന സമ്മേളനം ഒക്ടോബര്‍ 19 വൈകുന്നേരം മൂന്നിന് കല്‍പ്പറ്റ എം.കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടക്കും.
ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷനായ ഉദ്ഘാടന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കല്‍പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഒ. സരോജിനി, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, അഡീഷണല്‍ എക്‌സ്സൈസ് കമ്മീഷണര്‍ എസ്. ദേവമനോഹര്‍, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, ഡെപ്യൂട്ടി എക്‌സ്സൈസ് കമ്മീഷണറും കായികമേള സംഘാടകസമിതി ചെയര്‍മാനുമായ എ.ജെ ഷാജി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, കല്‍പറ്റ നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ സി.കെ ശിവരാമന്‍, എം.കെ ഷിബു, എം.ബി ബാബു, തൃശ്ശൂര്‍ എക്‌സൈസ് അക്കാദമി ഡയറക്ടര്‍ വി റോബര്‍ട്ട്, സംസ്ഥാന എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ മോഹന്‍ കുമാര്‍, സെക്രട്ടറി എം കൃഷ്ണകുമാര്‍, സംസ്ഥാന എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് ടി സജു കുമാര്‍, ജനറല്‍ സെക്രട്ടറി കെ സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു





Leave a Reply