May 23, 2026

ജില്ലാ പഞ്ചായത്ത് നയിക്കാന്‍ ലീഗ് സ്ഥാനാര്‍ത്ഥികളായി

0
site-psd-296
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന മുസ്്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസനപദ്ധതികളുടെ തുടര്‍ച്ചക്ക് അനുഭവസമ്പത്തും ചെറുപ്പത്തിന്റെ ഊര്‍ജ്ജവും ജനപക്ഷനിലപാടുകളും കൊണ്ട് കരുത്തരായ അഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഒരു സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.സ്ഥാനാര്‍ത്ഥികളും ഡിവിഷനും. ടി. ഹംസ (മേപ്പാടി), സുനില്‍കുമാര്‍. എം (കണിയാമ്പറ്റ), മുഫീദ തസ്നി (തരുവണ), സല്‍മ മോയി (വെള്ളമുണ്ട), കമലാ രാമന്‍ (പടിഞ്ഞാറത്തറ). കല്‍പ്പറ്റയില്‍ ചേര്‍ന്ന മുസ്്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കല്ലായി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം ഉമ്മര്‍ മാസ്റ്റര്‍, നജീബ് കാന്തപുരം എം.എല്‍.എ, സംസ്ഥാന സെക്രട്ടറിമാരായ സി. മമ്മൂട്ടി, കെ.എം ഷാജി, മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

ടി.ഹംസ
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. യൂനിയന്‍ യൂനിവേഴ്സിറ്റി കൗണ്‍സിലറായിരുന്നു. 1995 മേപ്പാടി ഡിവിഷനില്‍ നിന്ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. 2000ല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് രണ്ട് തവണ കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് മെമ്പറായി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, മണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, മുസ്്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ മുസ്്ലിം ലീഗ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ്, സ്വതന്ത്യ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്ലാന്റേഷന്‍ ലേബര്‍ കമ്മീഷന്‍ അംഗം എന്നീ പദവികള്‍ വഹിക്കുന്നു. ഭാര്യ: റംല. നാല് മക്കള്‍.

സുനില്‍കുമാര്‍ എം
പനമരം കീഞ്ഞുകടവ് സ്വദേശി. പനമരത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായ സുനില്‍കുമാര്‍ പനമരം ടൗണില്‍ ഓട്ടോ ഡ്രൈവറാണ്. രണ്ട് തവണ ഗ്രാമപഞ്ചായത്ത് അംഗമായതിന്റെ പ്രവൃത്തി പരിചയവുമായാണ് ജില്ലാ പഞ്ചായത്തിലേക്ക് മുസ്്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2010ലാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. പനമരം ഗ്രാമപഞ്ചായത്തിലെ കരിമ്പിന്‍കുന്ന് വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്. 2020 പനമരം വെസ്റ്റില്‍ നിന്നും യു.ഡി.എഫ് പ്രതിനിധിയായി ഗ്രാമപഞ്ചായത്തിലെത്തി. പരേതരായ വെള്ളന്‍ കാരാട്ടുകുഴിയില്‍, അമ്മാളു കാരാട്ടുകുഴിയില്‍ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. സുജാതയാണ് ഭാര്യ. ഏകമകന്‍: അമല്‍ എസ്. കുമാര്‍. കണിയാമ്പറ്റയുടെ വികസനസ്വപ്നങ്ങള്‍ക്ക് വഴിതെളിയിക്കാനുള്ള സ്വപ്നപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് സുനില്‍കുമാറിന്റെ ലക്ഷ്യം

മുഫീദ തസ്നി
വയനാട് ജില്ലയിലെ നായ്ക്കട്ടിയില്‍ ജനനം. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും എം എ വിമന്‍സ് സ്റ്റഡീസ്, ഭാരതീദാസന്‍ സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍. നിലവില്‍ മുസ്്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷ. മീനങ്ങാടി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറാണ്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് സാമൂഹ്യനീതിയെക്കുറിച്ചും, ഗ്രാമ വികസനത്തെ കുറിച്ചും പഠിച്ച കാഴ്ചപ്പാടുകള്‍ വയനാട് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവസരമാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മുഫീദക്ക് കൈവരുന്നത്. യുവത്വം, അക്കാദമിക്ക് മികവ്, ജനങ്ങളോടുള്ള അടുത്ത ബന്ധം എന്നീ ഘടകങ്ങള്‍ മുഫീദയെ തരുവണയുടെ പ്രിയപ്പെട്ട മകളാക്കും. മുട്ടില്‍ മാണ്ടാട് സ്വദേശി ഇസ്മായില്‍ തയ്യിലാണ് ഭര്‍ത്താവ്.

സല്‍മ മോയി

വനിതാ ലീഗിലൂടെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായി. 2015ല്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍ നിന്നാണ് ആദ്യമായി വിജയിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് നേടിയായിരുന്നു ആദ്യ വിജയം. 2020ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് പേരിയ 1 ഡിവിഷനില്‍ നിന്ന് വിജയിച്ച് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി. നിലവില്‍ വനിതാ ജില്ലാ സെക്രട്ടറി. മുന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി, ഇബ്രാഹിം ഹാജി – മറിയം ദമ്പതികളുടെ മകളാണ്. തവിഞ്ഞാല്‍ പഞ്ചായത്ത് മുസ്്ലിം ലീഗ് ജനറല്‍ സെക്രട്ടറി മോയിന്‍ കാസിമാണ് ഭര്‍ത്താവ്.

കമലാ രാമന്‍
കണിയാമ്പറ്റ പുളിക്കല്‍കുന്ന് സ്വദേശിനി. കേളു ലക്ഷ്മി ദമ്പതികളുടെ മൂത്തമകള്‍. കല്‍പ്പറ്റ ആസൂത്രണ ഭവനില്‍ പ്ലാനിംഗ് സെഷനില്‍ കെയര്‍ ടേക്കറായിരുന്നു. 2010ലാണ് ആദ്യമായി ജനപ്രതിനധിയാവുന്നത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അരിവാരത്ത് നിന്നാണ് ആദ്യ വിജയം. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുടുംബശ്രീയിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്. അയല്‍ക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി എ.ഡി.എസ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. വിദ്യാര്‍ത്ഥിനികളായ വൈഷ്ണവി രാമന്‍, വൈശാഖി രാമന്‍ എന്നിവര്‍ മക്കള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *