തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സമ്മതിദായകര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി, ഡിസംബര്‍ 9, 11 തീയതികളില്‍ ബന്ധപ്പെട്ട ജില്ലകളില്‍ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയും നല്‍കണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9-നും; തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11-നുമാണ് അവധി.
സംസ്ഥാനത്തെ ഫാക്ടറികള്‍, പ്ലാന്റേഷനുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സൗകര്യമൊരുക്കുകയോ അവധി നല്‍കുകയോ ചെയ്യണമെന്ന് തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവധി അനുവദിക്കുന്നതിന് നടപടിയെടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.





Leave a Reply