സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിൽ പോലീസ് സംഘടന മികച്ച മാതൃക ; മന്ത്രി ഒ.ആർ കേളു
കൽപ്പറ്റ: സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിൽ പോലീസ് മികച്ച മാതൃകയാണെന്ന് കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. സർവീസിലിരിക്കെ മരണമടഞ്ഞ പോലീസുകാരുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള സഹായ നിധി വിതരണവും, സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് പരിപാടിയും ഡിസംബർ 27 ശനിയാഴ്ച്ച വൈകിട്ട് കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒരുമിച്ച് ചേർത്ത് നിൽത്തുന്ന സമീപനമാണ് പോലീസിന്റെ ശക്തിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് മുഖ്യാതിഥിയായി. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.എ സന്തോഷ് അധ്യക്ഷത വഹിച്ചു.
സർവീസിലിരിക്കെ മരണമടഞ്ഞ സി.എ. അശോകന്റെ കുടുംബത്തിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ വയനാട് ജില്ലയിലെ പൊലീസുദ്യോഗസ്ഥരിൽ നിന്നും സമാഹരിച്ച 960750 രൂപയും, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ധനസഹായമായ 538351രൂപയും മന്ത്രി കൈമാറി. സർവീസിലിരിക്കെ മരണമടഞ്ഞ സനീഷ് സിറിയക്കിന്റെ കുടുംബത്തിന് പൊലീസുദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച 970500 രൂപയും ഹൗസിംഗ് സഹകരണ സംഘത്തിന്റെ 21449 രൂപയും കൈമാറി. സനീഷിന്റെ എറണാകുളം സൊസൈറ്റിയിലുണ്ടായിരുന്ന അഞ്ച് ലക്ഷം ലോൺ എഴുതിത്തള്ളിയിരുന്നു.
കൂടാതെ, സ്തുത്യർഹ സേവനത്തിനു ശേഷം 2025 ഡിസംബർ 31ന് സർവീസിൽ നിന്നും വിരമിക്കുന്ന ഡി.എച്ച് ക്യു വിലെ എസ്.ഐ സി.കെ. രവി, എസ് സി പി ഓ പി.കെ. ചന്ദ്രൻ എന്നിവർക്ക് യാത്രയയപ്പും, 2025 വർഷത്തെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവർക്കുള്ള അനുമോദനവും, പോലീസ് ഉദ്യോഗസ്ഥർക്ക് വയനാട് ജില്ലാ പോലീസ് സഹകരണ സംഘം നൽകുന്ന ഡയറി, കലണ്ടർ എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം ശശിധരൻ ആശംസകളർപ്പിച്ചു സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് സ്വാഗതവും ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.ജി സതീഷ് കുമാർ നന്ദിയുമർപ്പിച്ചു സംസാരിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പിസി സജീവ്, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ ബിപിൻ സണ്ണി തുടങ്ങിയവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.





Leave a Reply