ഒപ്പം പദ്ധതി: ദ്വിദിന ക്യാമ്പ് നടത്തി
കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി വിജ്ഞാന വ്യാപന സംരംഭകത്വ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഒപ്പം’ ഉപജീവന പദ്ധതിയുടെ ഭാഗമായി ‘ഒഞ്ചായ് മാറാം’ എന്ന പേരില്‍ ദ്വിദിന ക്യാമ്പ് നടത്തി. ചെമ്പട്ടി ട്രൈബല്‍ ലൈബ്രറി, സഹ്യ ഡിജിറ്റല്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, വിക്കി മീഡിയന്‍സ് ഓഫ് കേരള, കീടെയ് മക്കോടെ ഫൗണ്ടേഷന്‍, മൂവിംഗ് സ്‌കൂള്‍ വയനാട് എന്നിവയുടെ സഹകരണത്തോടെയാണ് പൂക്കോട് കാമ്പസില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
നാടക ശില്‍പ്പശാല, പണിയ ഭാഷയുമായി ബന്ധപ്പെട്ട വിക്കി മീഡിയ വര്‍ക്ക്‌ഷോപ്പ്, കരിയര്‍ ഗൈഡന്‍സ്, സൗഹൃദ ഫുട്‌ബോള്‍ മത്സരം, ലാബ് സന്ദര്‍ശനം, പക്ഷി നിരീക്ഷണം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു.
സമാപനയോഗം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി. രാജന്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി വിജ്ഞാന വ്യാപന സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ.ടി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ജിപ്‌സ ജഗദീഷ് ക്യാമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. വിജേഷ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ഡോ.വിദ്യ പി. മനോജ് കരിങ്ങാമഠത്തില്‍, ആര്‍.ടി. അതുല്‍, ടീച്ച് ഫോര്‍ നേച്ചര്‍ ഫെലോ സുശ്രുതന്‍, എന്‍എസ്എസ് വൊളന്റിയര്‍ സെക്രട്ടറി ആന്‍ജലോ എന്നിവര്‍ പ്രസംഗിച്ചു. യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ.കെ.എസ്. അജിത് സ്വാഗതവും ചെമ്പട്ടി ബാലവേദി പ്രസിഡന്റ് അര്‍ച്ചന ചന്ദ്രന്‍ നന്ദിയും പറഞ്ഞു.





Leave a Reply