മാനസികാരോഗ്യത്തില്‍ യുവതലമുറയ്ക്ക് ബോധവത്ക്കരണം അനിവാര്യം; പി. സതീദേവി
കൽപ്പറ്റ: യുവതലമുറയില്‍ ആത്മഹത്യ പ്രവണത കൂടുന്ന സാഹചര്യത്തില്‍ മാനസികാരോഗ്യത്തില്‍ ബോധവത്ക്കരണം അനിവാര്യമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. യുവ തലമുറയുടെ മാനസികാരോഗ്യം ദിനംപ്രതി ക്ഷയിക്കുകയാണെന്നും സംസ്ഥാന വ്യാപകമായി യുവജനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കളക്ടറേറ്റ് പഴശ്ശി ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ അവര്‍ പറഞ്ഞു. മദ്യപാനികളുടെ ഉപദ്രവം അനുഭവിക്കുന്ന വനിതകളുടെ പ്രയാസങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചതെന്ന് കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ പറഞ്ഞു. മദ്യപാനത്താല്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന അവസ്ഥ അധികരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാവസ്ഥ ദുഷ്‌ക്കരമാവുകയാണ്.
കുട്ടികളുടെ പഠനം, ഭാവി മോശമവസ്ഥയിലേക്ക് പോകുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ കമ്മീഷന്‍ ഇടപെടല്‍ നടത്തുന്നുണ്ട്. സഖി വണ്‍ സ്റ്റോപ്പ് സെന്ററിലൂടെയാണ് കൗണ്‍സലിങ് സേവനം ലഭ്യമാക്കുന്നത്. കളക്ടറേറ്റില്‍ നടന്ന അദാലത്തില്‍ 18 പരാതികള്‍ ലഭിച്ചു. നാല് പരാതികള്‍ക്ക് പരിഹരിച്ചു. രണ്ട് പരാതികളില്‍ കൗണ്‍സലിങ് നൽകാന്‍ ചെയര്‍പേഴ്സണ്‍ നിര്‍ദ്ദേശിച്ചു. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നല്‍കി. രണ്ട് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി കൈമാറി. ഒന്‍പത് പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. വനിതാ സെല്‍ എ.എസ്.ഐ കെ. നസീമ, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കൗണ്‍സിലര്‍മാരായ കെ. ആര്‍ ശ്വേത, ബിഷ ദേവസ്യ, എന്നിവര്‍ പങ്കെടുത്തു.





Leave a Reply