November 7, 2026

കൽപ്പറ്റയിൽ ‘ഫോർ വീലർ’ പാർക്കിംഗിൽ ബൈക്കുകൾ വാഴുന്നു; കടയുടമകളുടെ കടുംവെട്ടിൽ വട്ടംകറങ്ങി വാഹന ഉടമകൾ!

0
IMG_20260129_142506
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാടിന്റെ ഹൃദയഭാഗമായ കൽപ്പറ്റയിൽ ഫോർ വീലർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ഉടമകൾ വലയുന്നു. നാല് ചക്ര വാഹനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള പാർക്കിംഗ് ഏരിയകൾ ഇരുചക്ര വാഹനങ്ങൾ കൈയടക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഇതിന് പിന്നിൽ നഗരത്തിലെ ചില കടയുടമകളുടെ ബോധപൂർവ്വമായ ഇടപെടലാണെന്ന ആക്ഷേപം ശക്തമാവുകയാണ്.

ഷോപ്പ് മറയാതിരിക്കാൻ ‘ബൈക്ക് വേലി’ തീർത്തിരിക്കുകയാണ്. തങ്ങളുടെ കടകളുടെ മുൻവശത്ത് വലിയ വാഹനങ്ങൾ പാർക്ക് ചെയ്താൽ കച്ചവടത്തെ ബാധിക്കുമെന്ന വിചിത്രമായ വാദമാണ് ചില കടയുടമകൾ ഉയർത്തുന്നത്. ഇതിനായി രാവിലെ കട തുറക്കുന്നത് മുതൽ ജീവനക്കാരുടെ ബൈക്കുകൾ ഫോർ വീലർ പാർക്കിംഗ് സ്പേസുകളിൽ നിരത്തിയിടുന്നുണ്ടന്ന് പരാതിയുണ്ട്. ബൈക്കുകൾക്കിടയിൽ കാറുകൾ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കിയാണ് ഈ ‘കൈയേറ്റം’.

നിയമപരമായ പാർക്കിംഗ് ഏരിയകളിൽ ബൈക്കുകൾ ഇരിക്കുന്നത് കാരണം കാറുമായി കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.

പാർക്കിംഗ് കിട്ടാതെ റോഡരികിലോ മറ്റ് സ്ഥലങ്ങളിലോ വാഹനം ഒതുക്കിയാൽ പോലീസ് മിനിറ്റുകൾക്കകം പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.ചോദ്യം ചെയ്യുന്ന വാഹന ഉടമകളോട് കടയുടമകളും ജീവനക്കാരും മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.

നഗരത്തിലെ ഗതാഗത പരിഷ്കരണ സമിതിയും പോലീസും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം . റോഡരികിലെ അനധികൃത പാർക്കിംഗിന് പിഴയടിക്കുന്ന പോലീസ്, ഫോർ വീലർ പാർക്കിംഗ് ഏരിയയിലെ ഈ നിയമലംഘനം കാണുന്നില്ലെന്ന് നടിക്കുയാണ്. നഗരസഭയും ട്രാഫിക് പോലീസും അടിയന്തരമായി ഇടപെടണമെന്നും, പാർക്കിംഗ് ഏരിയകൾ കൃത്യമായി തരംതിരിച്ച് നിരീക്ഷണം ഏർപ്പെടുത്തണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *