സംസ്ഥാന ബജറ്റ് ജീവനക്കാരെ വഞ്ചിച്ചു: കേരള എൻ.ജി.ഒ സംഘ്
കൽപ്പറ്റ: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാർക്കിടയിൽ കടുത്ത നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തു വർഷമായി നൽകിവരുന്ന വാഗ്ദാനമായ പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ ഇത്തവണയും പാലിക്കപ്പെട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുന്നതിന് നിയമതടസ്സമില്ലെന്ന പുനപരിശോധന സമിതി റിപ്പോർട്ട് പൂഴ്ത്തിവെച്ചാണ് സർക്കാർ നീങ്ങുന്നത്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം വിഹിതം ഈടാക്കി തന്നെ പുതിയ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. തടഞ്ഞുവച്ച മുഴുവൻ ക്ഷാമബത്ത കുടിശ്ശികയും മുൻകാല പ്രാബല്യത്തോടുകൂടി അനുവദിക്കുകയും, സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ജീവനക്കാരെ ധനമന്ത്രി നിരാശപ്പെടുത്തിയിരിക്കുകയാണ്.
2024 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം അഞ്ച് വർഷ തത്വം അട്ടിമറിച്ച ശേഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപനം മാത്രം നടത്തി ശമ്പള പരിഷ്കരണം അടുത്ത സർക്കാരിന്റെ തലയിൽ വച്ചുകെട്ടി സർക്കാർ ഒളിച്ചോടുകയാണ്. മൂന്ന് മാസത്തിനുള്ളിൽ ശമ്പള പരിഷ്കരണമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ നടപ്പിലാക്കേണ്ടി വരികയില്ലെന്ന് സർക്കാരിന് ബോധ്യമുണ്ട്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്റെ അവശേഷിക്കുന്ന കുടിശ്ശികയെക്കുറിച്ചോ, ലീവ് സറണ്ടർ പണമായി അനുവദിക്കുന്നത് സംബന്ധിച്ചോ ബജറ്റിൽ പരാമർശമില്ല. കുടിശ്ശികയായിട്ടുള്ള 15% ക്ഷാമബത്ത ഈ സാമ്പത്തിക വർഷത്തിൽ തന്നു തീർക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഒരു ഗഡു ക്ഷാമബത്ത നൽകുന്നതിനുള്ള പണം മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഇത്തരത്തിൽ ജീവനക്കാരെ പൂർണ്ണമായും നിരാശപ്പെടുത്തുന്ന തീരുമാനങ്ങളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതെന്നും എൻ.ജി.ഒ സംഘ് ആരോപിച്ചു.
ജീവനക്കാരെ വഞ്ചിച്ച ബജറ്റിനെതിരായി താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മാനന്തവാടിയിൽ നടന്ന ധർണ്ണ എൻ.ജി.ഒ സംഘ് വയനാട് ജില്ലാ അധ്യക്ഷൻ വി.പി. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.ആർ. സുധി, ഗ്രീനന്ദനൻ കെ.പി, നിധീഷ് കെ.എൻ എന്നിവർ മാനന്തവാടിയിലും, സുൽത്താൻ ബത്തേരിയിൽ ജില്ലാ ട്രഷറർ വി. ശിവകുമാർ, ശശിധരൻ എൻ. തുടങ്ങിയവരും സംസാരിച്ചു.





Leave a Reply