കേരളത്തിന്റെ സ്വപ്നപദ്ധതിക്ക് ചരിത്രപരമായ തുടക്കം; ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാതയുടെ ബ്ലാസ്റ്റിങ് മുഖ്യമന്ത്രി നിർവഹിച്ചു
മേപ്പാടി: സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ആനക്കാംപൊയിൽ – കള്ളാടി മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായ പാറ തുരക്കൽ മുഖ്യമന്ത്രി പിണറായി വിജയൻ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ കോഴിക്കോട് മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് ആദ്യ ബ്ലാസ്റ്റിങ് നടന്നത്. കൃത്യം 11 മണിക്ക് നടന്ന ഈ ചരിത്ര നിമിഷത്തിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ജനങ്ങൾക്ക് നേരിട്ട് പ്രവേശനമില്ലായിരുന്നെങ്കിലും, മുത്തപ്പൻ പുഴ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചിരുന്ന വീഡിയോ വാളിലൂടെ നിരവധി ആളുകൾ ഈ ദൃശ്യം തത്സമയം വീക്ഷിച്ചു.
ആസ്ട്രേലിയൻ സാങ്കേതികവിദ്യയായ ‘കട്ട് ആൻഡ് കവർ’ രീതിയിലാണ് തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. അത്യാധുനിക റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ച് കൃത്യമായ അളവിലും ആഴത്തിലുമാണ് പാറ തുരക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. കോഴിക്കോട് ഭാഗത്ത് പ്രവൃത്തികൾ ഊർജ്ജിതമായി നടക്കുമ്പോൾ, വയനാട് കള്ളാടി ഭാഗത്ത് മണ്ണ് നീക്കം ചെയ്യേണ്ടി വരുന്നതിനാൽ അവിടെ പാറ തുരക്കൽ പിന്നീടാകും ആരംഭിക്കുക. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. കിഫ്ബി വഴി 2134.5 കോടി രൂപ ചെലവഴിക്കുന്ന ഈ സ്വപ്ന പദ്ധതിയുടെ നിർമ്മാണ ചുമതല കൊങ്കൺ റെയിൽ കോർപറേഷനാണ്.





Leave a Reply