ജപ്തി നടപടികൾ നിർത്തണം; ബാങ്കുകൾ കർഷകദ്രോഹം അവസാനിപ്പിക്കണമെന്ന് പി.കെ.എ. അസീസ്
കൽപ്പറ്റ: കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധികൾ അവഗണിച്ച് ജപ്തി, ഭൂമി കരസ്ഥൽപ്പെടുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്ന ബാങ്കുകൾ കർഷകദ്രോഹം അവസാനിപ്പിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. കൃഷിക്കാരുടെ പിഴവുകൾ കൊണ്ടല്ലാതെ തന്നെ പലർക്കും വായ്പകൾ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ മുന്നൂറിലേറെ കർഷകരെ കേരള ബാങ്ക് ജപ്തി നടപടികളിലൂടെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിളനാശം, വന്യമൃഗ ശല്യം, കാലാവസ്ഥാ വ്യതിയാനം, ഉൽപാദനക്കുറവ്, വിലയിടിവ് എന്നിവ കാരണം ഉൽപാദനച്ചെലവ് പോലും ലഭിക്കാതെ കർഷകർ വലയുമ്പോൾ ബാങ്കുകൾ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ അനീതിയാണ്. കർഷകരുടെ പലിശയും പിഴപ്പലിശയും കൊണ്ട് വളർന്ന ബാങ്കുകൾ അവർ പ്രതിസന്ധി നേരിടുമ്പോൾ ക്രൂരമായി പെരുമാറുന്നത് ശരിയല്ലെന്നും, ജപ്തി നിർത്തിവെച്ച് കർഷക സൗഹൃദ സമീപനം സ്വീകരിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.





Leave a Reply