കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് പദ്ധതി വേണം: മാർക്കറ്റിംഗ് സൊസൈറ്റി
മാനന്തവാടി: വയനാട് ജില്ലയിലെ കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്കായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് നോർത്ത് വയനാട് കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം, വന്യമൃഗ ശല്യം, ഉൽപ്പന്നങ്ങളുടെ വില തകർച്ച എന്നിവയിൽ നിന്നും കർഷകർക്ക് അടിയന്തര സംരക്ഷണം നൽകണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു. സൊസൈറ്റിയുടെ അഞ്ചാമത് മികച്ച കർഷകർക്കുള്ള അവാർഡ് വിതരണ ചടങ്ങിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മികച്ച കർഷകർക്കുള്ള പി. ജെ. നേമചന്ദ്ര ഗൗഡർ സ്മാരക അവാർഡിന് അർഹരായ അനൂപ് തോമസ് എള്ളുമന്ദം, കെ. പ്രവീണ ആറാട്ടുതറ എന്നിവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള അവാർഡ് നേടിയ പി. എൻ. ജ്യോതി പ്രസാദിനെയും തൊഴിലാളി ശ്രേഷ്ഠ അവാർഡ് നേടിയ ഒ. എ. ഇന്ദിരയെയും ചടങ്ങിൽ ആദരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജി. ബിജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ടി. എ. റെജി അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ചിന്നമ്മ ജോസ്, ഒ. ടി. ഉനൈസ്, കൗൺസിലർ എം. പി. ശശികുമാർ, എ. പ്രഭാകരൻ മാസ്റ്റർ, ശ്രീകാന്ത് പട്ടയൻ, കടവത്ത് മുഹമ്മദ്, ഡോ. അനിൽ മേച്ചേരി, കെ. ജെ. പൈലി, സി. പി. ശശിധരൻ, കെ. സതീശൻ, സാബു പൊന്നി, ജസ്ന ഗ്രേസി എന്നിവർ സംസാരിച്ചു.





Leave a Reply