May 15, 2026

പാചകവാതക ക്ഷാമം: വയനാട്ടിൽ ഹോട്ടലുകൾ പ്രതിസന്ധിയിൽ

0
IMG_20260314_091719
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക വിതരണം താറുമാറായതോടെ വയനാട് ജില്ലയിലെ ചെറുകിട ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലായി. മുൻപ് 1400 രൂപയ്ക്ക് ലഭിച്ചിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് ഇപ്പോൾ 3600 രൂപയോളം നൽകേണ്ടി വരുന്നത് കച്ചവടക്കാരെ വലിയ ബുദ്ധിമുട്ടിലേക്കാണ് തള്ളിവിടുന്നത്. ഉയർന്ന വില നൽകാൻ തയ്യാറായാൽ പോലും സിലിണ്ടറുകൾ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചായക്കടകളിൽ ഉൾപ്പെടെ ഒരു സിലിണ്ടർ പരമാവധി മൂന്നോ നാലോ ദിവസം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. പ്രതിസന്ധി തുടർന്നാൽ ഭക്ഷണപദാർത്ഥങ്ങൾക്ക് വില വർധിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് വ്യാപാരികൾ.

 

ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും നിലവിൽ ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നത്. റമദാൻ മാസമായതിനാൽ നിലവിൽ പല ഹോട്ടലുകളും പ്രവർത്തിക്കുന്നില്ലെങ്കിലും നോമ്പ് കഴിയുന്നതോടെ ഇവ തുറക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിസന്ധി ഇരട്ടിയാകും. പാചകവാതക ക്ഷാമം പരിഹരിച്ചില്ലെങ്കിൽ അടച്ചിട്ട ഹോട്ടലുകൾ വീണ്ടും തുറക്കാൻ കഴിയില്ലെന്ന് ഉടമകൾ ആശങ്കപ്പെടുന്നു. വാണിജ്യ സിലിണ്ടറുകളുടെ ഫില്ലിങ് കമ്പനികൾ നിർത്തിവെച്ചിരിക്കുകയാണെന്നാണ് സ്റ്റോക്കിസ്റ്റുകൾ നൽകുന്ന വിശദീകരണം. എൽ.പി.ജിക്ക് പകരം മറ്റ് ബദൽ മാർഗങ്ങൾ കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ പലയിടങ്ങളിലും ഹോട്ടലുകൾ അടച്ചിടേണ്ടി വരുന്നുണ്ട്. ലോണെടുത്തും മറ്റും കച്ചവടം നടത്തുന്നവർക്ക് ഈ സാഹചര്യം വലിയ തിരിച്ചടിയാണ് നൽകുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളെയാണ് പ്രതിസന്ധി പ്രധാനമായും ബാധിച്ചതെങ്കിലും ഗാർഹിക ഉപഭോക്താക്കൾക്കും ബുക്കിങ് തടസ്സവും നെറ്റ്‌വർക്ക് തകരാറുകളും നേരിടുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *