യു ഡി എഫ് ഒരുങ്ങി ഇന്ന് കൽപ്പറ്റയിൽ റോഡ് ഷോ
കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതോടെ ജില്ലയിൽ ആവേശം കൊടുമുടിയിൽ. സിറ്റിംഗ് എംഎൽഎമാരായ ടി. സിദ്ധിഖ് കൽപ്പറ്റയിലും, ഐ.സി. ബാലകൃഷ്ണൻ സുൽത്താൻ ബത്തേരിയിലും ജനവിധി തേടുമ്പോൾ, മാനന്തവാടിയിൽ ഉഷ വിജയനെയാണ് കോൺഗ്രസ് കളത്തിലിറക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് കൽപ്പറ്റയിൽ വൻ ശക്തിപ്രകടനം ലക്ഷ്യമിട്ട് യുഡിഎഫ് റോഡ് ഷോ നടത്തും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ടി. സിദ്ധിഖ് രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് സിദ്ധിഖിന്റെ പോരാട്ടം.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ ബത്തേരിയിൽ നാലാം തവണയും ഐ.സി. ബാലകൃഷ്ണൻ തന്നെയിറങ്ങും. മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള വ്യക്തിപരമായ സ്വാധീനം വിജയമുറപ്പിക്കുമെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.
രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മഹിളാ കോൺഗ്രസ് നേതാവും എടവക പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഉഷ വിജയനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഒരു വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
കൽപ്പറ്റയെ ഇളക്കിമറിക്കാൻ വൻ റോഡ് ഷോ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിന് ഊർജ്ജം പകരാൻ യുഡിഎഫ് നേതൃത്വത്തിൽ ഇന്ന് കൽപ്പറ്റയിൽ വൻ റോഡ് ഷോ സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരിപാടിയിൽ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും അണിനിരക്കും.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് മേധാവിത്വം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രഖ്യാപനമാകും ഈ ശക്തിപ്രകടനം.
വന്യജീവി ആക്രമണം, മെഡിക്കൽ കോളേജ് പ്രശ്നം, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ-സംസ്ഥാന നേതാക്കൾ ജില്ലയിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ എത്തും.





Leave a Reply