എൽഡിഎഫ് കൺവെൻഷൻനടത്തി
മാനന്തവാടി: മൂന്നാം വിജയത്തിന്റെ പ്രഖ്യാപനമായി മാനന്തവാടി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി.മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന മന്ത്രി ഒ ആർ കേളുവിന്റെ വിജയം സുനിശ്ചിതമാണെന്ന് വിളിച്ചോതുന്നതായി ആയിരങ്ങൾ പങ്കെടുത്ത കൺവൻഷൻ. കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ദേവാലയ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവൻഷൻ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു.
രാവിലെ പത്തോടെതന്നെ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. പ്രവർത്തകർക്കൊപ്പം സാമൂഹിക–സംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. വലിയ സ്‌ത്രീ പ്രാതിനിധ്യമുണ്ടായി. സ്ഥാനാർഥി എത്തിയതോടെ ആവേശം അലതല്ലി. സ്‌നേഹവായ്‌പോടെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ വരവേറ്റു. കൈപിടിച്ചും ആലിംഗനം ചെയ്‌തും സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചു . സ്ഥാനാർഥിക്കൊപ്പം ഫോട്ടോയെടുക്കാനും മത്സരമായി. യുവജനങ്ങളുടെ വലിയ നിരയുണ്ടായി.
മാനന്തവാടിയുടെ മനം നിറച്ച വികസന നായകന്റെ വിജയം ഉറപ്പാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ജനസഞ്ചയം. എൽഡിഎഫിന്റെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം കൺവൻഷനെത്തി. മണ്ഡലത്തിൽ 10 കൊല്ലത്തിനിടെയുണ്ടായ വികസനങ്ങൾ നേതാക്കൾ എണ്ണിപ്പറഞ്ഞു. മണ്ഡലത്തിന്റെ മുഖം മാറ്റിയ നല്ലകാലത്തിന്റെ തുടർച്ചയ്‌ക്കും വികസനക്കുതിപ്പിനും ‘ഒ ആർ കേളു അല്ലാതെ മറ്റാര്’ എന്ന ചോദ്യമാണ് നാട് ഉയർത്തുന്നത്.
കൺവൻഷന്റെ അവസാനം സ്ഥാനാർഥി മന്ത്രി ഒ ആർ കേളു സംസാരിച്ചു. ഗവ. മെഡിക്കൽ കോളേജിന്റെ തുടർവികസനമുൾപ്പെടെയുള്ള ഭാവി പദ്ധതികൾ വിശദീകരിച്ചായിരുന്നു ഹ്രസ്വ സംഭാഷണം. ഇനിയും കുതിച്ച് മുന്നേറാൻ ഒരുമിച്ചുനിന്ന് വിജയിപ്പിക്കണമെന്ന് ഒ ആർ കേളു അഭ്യർഥിച്ചു.
കൺവൻഷനിൽ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും 121 എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ചടങ്ങിൽ വി കെ ശശിധരൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, കെ റഫീഖ്, ഇ ജെ ബാബു, കെ ജെ ദേവസ്യ, ഷാജി ചെറിയാൻ, സലീംകുമാർ, കെ പി ശശിശധരൻ കുര്യാക്കോസ് മുള്ളൻമട തുടങ്ങിയവർ പങ്കെടുത്തു. എൽഡിഎഫ് മണ്ഡലം കൺവീനർ പി വി സഹദേവൻ സ്വാഗതവും ജുനൈദ് കൈപ്പാണി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
വി കെ ശശിധരൻ(ചെയർമാൻ), എൻ പ്രഭാകരൻ(കൺവീനർ), പി വി സഹദേവൻ(ട്രഷറർ), പി കെ സുരേഷ്, ശോഭ രാജൻ, ജുനൈദ് കൈപ്പാണി, ആലി തിരുവാൾ, ടോണി ജോൺ, സുബൈർ കടന്നോളി, അനിൽ വള്ളുവക്കണ്ടി, ജോർജ്, എൻ യു ജോൺ(വൈസ് ചെയർമാൻമാർ).
ടി കെ പുഷ്‌പൻ, എ ജോണി, നിഖിൽ പത്മനാഭൻ, കെ ബാലൻ, കെ അസീസ്, രാജൻ ഒഴക്കോടി, കെ ടി ശശികുമാർ, എ എൻ സലീംകുമാർ, സണ്ണി ജോർജ്(ജോയിന്റ് കൺവീനർമാർ).





Leave a Reply