ദേശീയ വിദ്യാഭ്യാസ നയം: പാഠപുസ്തകങ്ങൾ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് സെമിനാർ
മാനന്തവാടി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഭാഗമായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ വിദഗ്ധ പരിശോധനയ്ക്കും ജനകീയ ചർച്ചകൾക്കും വിധേയമാക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. കേരള യുക്തിവാദി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച യു. കലാനാഥൻ അനുസ്മരണവും സെമിനാറും സംസ്ഥാന പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് ഗൗരവകരമാണെന്ന് സെമിനാറിൽ വിഷയാവതരണം നടത്തിയ എസ്.സി.ഇ.ആർ.ടി. റിസേർച്ച് ഓഫീസർ ഡോ. വിനീഷ് ടി.വി. പറഞ്ഞു. എം. മുകുന്ദൻ മാസ്റ്റർ മോഡറേറ്ററായ ചർച്ചയിൽ ഇ.ഡി. വെങ്കിടേഷ്, പി.പി. മുഹമ്മദ് മാസ്റ്റർ, സുഗതൻ മാസ്റ്റർ എന്നിവർ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ജില്ലാ ഭാരവാഹികളായ രാജൻ കുളത്താട, സന്തോഷ് ദ്വാരക, സെബാസ്റ്റ്യൻ വി.എ., എം. ദിവാകരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply