പെട്രോളിന്‍റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായും, ഡീസലിന് ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും തീരുവ കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ചില്ലറ വിൽപനയില്‍ വില കുറയാൻ സാധ്യതയില്ല.
പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് ആശ്വാസമാണ് നടപടി. കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി. ഇന്നലെ നയാര കമ്പനി പെട്രോൾ ഡീസല് വില കൂട്ടിയിരുന്നു.
ഇറാൻ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്ച വീപ്പയ്ക്ക് 107.5 ഡോളറിലേക്കെത്തിയിരുന്നു. പത്തുവർഷത്തിനുശേഷം ആദ്യമായി റഷ്യയുടെ ഇ.എസ്.പി.ഒ. ക്രൂഡ് വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിലെത്തിയതായും റിപ്പോർട്ടുണ്ട്.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധവും തുടർന്ന് ഹോർമുസ് കടലിടുക്കിൽ ടെഹ്‌റാൻ ഏർപ്പെടുത്തിയ ഉപരോധവും മൂലം ഉണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. ചില ഇന്ധനക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയും മറ്റുചില കമ്പനികൾ വിലവർധനവിന് തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടി ഉണ്ടായിരിക്കുന്നത്.





Leave a Reply