May 13, 2026

മുട്ടിൽ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
IMG_20260513_212116
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: മഴക്കാലം മുന്നിൽക്കണ്ട് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പഞ്ചായത്ത് തല മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഇന്ന്   രാവിലെ 9 മണിക്ക് മുട്ടിൽ ടൗണിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ്  രഞ്ജിത്ത് സി.പി. ശുചീകരണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

മുട്ടിൽ പഞ്ചായത്തിലെ എടപ്പെട്ടി മുതൽ കാക്കവയൽ വരെയുള്ള നാഷണൽ ഹൈവേ 766-ന്റെ ഇരുവശങ്ങളും ശുചീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ‘മാലിന്യമുക്തമായ പരിസരം, രോഗമുക്തമായ നാട്’ എന്ന ലക്ഷ്യത്തോടെ നടന്ന ശുചീകരണ യജ്ഞത്തിൽ ജനപ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെടെ വിപുലമായ പങ്കാളിത്തമാണ് ഉണ്ടായത്.

ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലീന സി. നായർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ഷജീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, ആശാ വർക്കർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വ്യാപാരി-വ്യവസായികൾ, യുവജന സംഘടനകൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചും ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *