വയനാടിന്റെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സമസ്ത നേതാക്കൾ മന്ത്രി ടി. സിദ്ദീഖിന് നിവേദനം നൽകി
കൽപ്പറ്റ: പുതിയ സർക്കാരിൽ കൃഷി മന്ത്രിയായി ചുമതലയേറ്റ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ കൂടിയായ അഡ്വക്കറ്റ് ടി. സിദ്ദീഖിന് അഭിനന്ദനമറിയിച്ചും വയനാട് ജില്ലയുടെ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും സമസ്ത നേതാക്കൾ മന്ത്രിയെ കണ്ട് നിവേദനം നൽകി. സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ജില്ല നിലവിൽ വന്നത് മുതൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലയിലെ യാത്രാ ദുരിതം മുൻകാലങ്ങളേക്കാൾ ദുസ്സഹമായി മാറിയിരിക്കുകയാണ്. അവധി ദിനങ്ങളിലും ആഘോഷ നാളുകളിലും ചുരം യാത്ര ഏറെ പ്രയാസപ്പെടുത്തുന്നുണ്ടെന്നും, കഴിഞ്ഞ ബലിപെരുന്നാൾ ദിവസങ്ങളിൽ അഞ്ചും പത്തും മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിപ്പോയതെന്നും നേതാക്കൾ നിവേദനത്തിൽ വ്യക്തമാക്കി. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരും ഇതര ജില്ലകളിൽ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരും ശനി, തിങ്കൾ ദിവസങ്ങളിൽ അനുഭവിക്കുന്ന യാത്രാ പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും ഇതിന് ശാശ്വത പരിഹാരം ചുരം ബദൽ റോഡ് മാത്രമാണെന്നും അത് സാധ്യമാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും സമസ്ത ആവശ്യപ്പെട്ടു. കാലങ്ങളായി നിരോധിക്കപ്പെട്ട രാത്രി യാത്രാ അനുമതി വേഗത്തിലാക്കുക, നിലവിലെ മെഡിക്കൽ കോളേജ് പല കാരണങ്ങൾ കൊണ്ടും പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ ആരോഗ്യ മേഖലയിലെ പരിമിതികൾ മറികടക്കുക, ജനങ്ങളുടെ സമാധാന ജീവിതത്തിനും കൃഷിക്കും തീരാ വെല്ലുവിളിയായ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ മന്ത്രിക്ക് മുന്നിൽ വെച്ചു. എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. നാസർ മൗലവി മടക്കിമല, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. സുബൈർ ഹാജി കണിയാമ്പറ്റ, സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി ജാഫർ ഹൈതമി കൽപ്പറ്റ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. വയനാടിന്റെ ജനകീയ പ്രശ്നങ്ങളിൽ യു.ഡി.എഫ് സർക്കാരിന് നല്ല ബോധ്യമുണ്ടെന്നും, ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാഥമിക ചർച്ചകൾക്ക് ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി ടി. സിദ്ദീഖ് പ്രതികരിച്ചു. വിഷയങ്ങളിൽ സമസ്തയുടെ ഇടപെടലുകൾ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തിൽ എത്തിച്ചിട്ടുണ്ടെന്നും, ഉന്നയിക്കപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയടക്കമുള്ള ഓരോ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ അടിയന്തരമായി കൊണ്ടുവരുമെന്നും മന്ത്രി നേതാക്കൾക്ക് ഉറപ്പുനൽകി.





Leave a Reply