വിലക്കയറ്റം: കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ച് നടത്തി
കൽപ്പറ്റ: പാചകവാതക, ഇന്ധനവില വർധിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിനും, വിഷയത്തിൽ ഇടപെടാത്ത സംസ്ഥാന സർക്കാർ നിലപാടിനുമെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ജനങ്ങളെ കൊള്ളയടിക്കാൻ എണ്ണക്കമ്പനികൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും മെയ് പകുതിക്ക് ശേഷം പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് 7.50 രൂപയും, കഴിഞ്ഞദിവസം ഗാർഹിക പാചകവാതക സിലിണ്ടറിന് 29 രൂപയും വർധിപ്പിച്ചതായും സമരക്കാർ ആരോപിച്ചു. നാലുമാസത്തിനിടെ 89 രൂപയാണ് പാചകവാതകത്തിന് വർധിപ്പിച്ചത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടിയെന്നും, വിലവർധനയിൽ ലഭ്യമാകുന്ന അധികനികുതി ഉപേക്ഷിച്ച് വിലക്കയറ്റത്തിന്റെ രൂക്ഷത കുറയ്ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകുന്നില്ലെന്നും ആരോപിച്ചായിരുന്നു മഹിളകളുടെ സമരം.
മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ജി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ പി കുഞ്ഞുമോൾ, എൽസി ജോർജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബീനാ വിജയൻ സ്വാഗതവും പി വി ഏലിയാമ്മ നന്ദിയും പറഞ്ഞു.





Leave a Reply