ബില്ലിങ് കൗണ്ടറിലെ തിരക്ക്: മാനന്തവാടി മെഡിക്കൽ കോളേജിൽ സി.പി.ഐ.എം പ്രതിഷേധം
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നവരെ അധികൃതർ പ്രയാസത്തിലാക്കുന്നതായി ആരോപിച്ച് സി.പി.ഐ.എം പ്രതിഷേധം. ബില്ലിങ് കൗണ്ടറിൽ കൂടുതൽ പേരെ വിന്യസിച്ച് തിരക്കൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ.എം പ്രവർത്തകർ പ്രതിഷേധിച്ചത്. എല്ലാ ദിവസവും ബില്ലിങ് കൗണ്ടറിനുമുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച സർവർ കൂടി പണിമുടക്കിയതോടെ ചികിത്സ തേടിയെത്തിയവർക്കും കൂടെവന്നവർക്കും ഇരട്ടി ദുരിതമായി. സർവർ തകരാറിലായതുകാരണം മാത്രം വിവിധ പരിശോധനകൾക്കുള്ള പണമടക്കാൻ രണ്ടു മണിക്കൂറിലധികം വരി നിൽക്കേണ്ടി വന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവൻ പണമിടപാടുകളും ഒരു കൗണ്ടറിൽ മാത്രമായതിനാലും രണ്ട് ജീവനക്കാർ മാത്രമാണ് ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്നത് എന്നതിനാലും മണിക്കൂറുകളോളമാണ് രോഗികളോ സഹായികളോ വരി നിൽക്കേണ്ടി വന്നത്.
വിവരമറിഞ്ഞെത്തിയ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആർ.എം.ഒ ഡോ. ആർ. ജി. ഫെസിന്റെ ക്യാബിനിൽ പ്രതിഷേധവുമായെത്തി. തുടർന്ന് അടിയന്തിരമായി ഒരു കൗണ്ടർ കൂടി തുറന്ന് താത്ക്കാലിക പ്രശ്നം പരിഹരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അടുത്ത ദിവസം മുതൽ അധിക ജീവനക്കാരെ ബില്ലിങ് കൗണ്ടറിൽ നിയമിക്കുമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. കെ. ആർ. ജിതിൻ, വി. ബി. ബബീഷ്, എ. കെ. റൈഷാദ്, ടി. കെ. സുരേഷ്, പി. എൻ. സുനീഷ്, ഹരീഷ് എരുമത്തെരുവ്, പി. പി. അജയൻ തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.




Leave a Reply