എ.എസ്. നാരായണപിള്ള അനുസ്‌മരണം സംഘടിപ്പിച്ചു
കൽപ്പറ്റ: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സഖാവ് എ.എസ്. നാരായണപിള്ളയുടെ അനുസ്മരണ യോഗം സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ പാർട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റി ആസ്ഥാനമായ കൽപ്പറ്റയിലെ സ: എ. വർഗ്ഗീസ് ഭവനിൽ വെച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സ: പി.എം. ജോർജ്ജ് യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര പോരാട്ടത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വലതുപക്ഷ അവസരവാദ നിലപാടുകൾക്കെതിരെ 1964-ൽ സി.പി.ഐ(എം)-ന്റെ ഭാഗമാവുകയും, തുടർന്ന് 1967-ലെ മഹത്തായ നക്സൽബാരി സമരത്തെ തുടർന്ന് 1969-ൽ സി.പി.ഐ(എം.എൽ) രൂപീകരിക്കപ്പെട്ടപ്പോൾ മുതൽ മരണം വരെ പാർട്ടിയുടെ ഭാഗമായി അടിയുറച്ച് നിൽക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എ.എസ്. നാരായണപിള്ളയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭൂസമര പ്രക്ഷോഭങ്ങളിലടക്കം സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം, വലത് പക്ഷ അവസരവാദത്തിനും ഇടത് സാഹസിക ലൈനിനുമെതിരെ പാർട്ടിക്കുള്ളിൽ നടന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ സംഘടനാ സമരങ്ങളിൽ വിപ്ലവ പക്ഷത്ത് അടിയുറച്ച് നിന്നുവെന്നും കൊറോണ മഹാമാരിയുടെ കാലത്താണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞതെന്നും സ: പി.എം. ജോർജ്ജ് പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. അനുസ്മരണ യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി സ: കെ.വി. പ്രകാശ് സ്വാഗതം പറയുകയും, സംസ്ഥാന കമ്മിറ്റി അംഗം പി.ടി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വനിതാ സംഘടന ജില്ലാ കൺവീനർ ബിജി ലാലിച്ചൻ, ട്രേഡ് യൂണിയൻ (ടി യു സി ഐ) ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ജോസഫ്, ഭൂസമരസമിതി ജില്ലാ കൺവീനർ സ: എം.കെ. ഷിബു, പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: സി.ജെ. ജോൺസൺ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply