വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാം; ജനസേവന അദാലത്തിന് ജില്ലയിൽ തുടക്കം
മാനന്തവാടി: 100 ദിന കർമ്മപരിപാടിയുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന ജനസേവന അദാലത്തിന് ജില്ലയിൽ തുടക്കമായി .മാനന്തവാടി നഗരസഭ ഹാളിൽ ഉഷാ വിജയൻ എം എൽ എ അദാലത്ത് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. വനഭൂമിയുമായി ബന്ധപ്പെട്ട അപേക്ഷകൾ, എൻ.ഒ.സി അനുവദിക്കൽ, വനഭൂമിയിലെ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ, മറ്റ് വനവകുപ്പുമായി ബന്ധപ്പെട്ട പൊതുജന പരാതികൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് തലത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും അപേക്ഷകളും നേരിട്ട് അവതരിപ്പിക്കാനും പരിഹാരം തേടാനുമാണ് അവസരമൊരുക്കിയിരിക്കുന്നത്.
നോർത്ത് വയനാട് വനം ഡിവിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു, ഡി എഫ് ഒ ആർ സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ളോക്ക് പ്രസി: മീനാക്ഷി രാമൻ, ഡെപ്യുട്ടി ചെയർപേഴ്സൻ അഡ്വ. സിന്തു സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ജി ബി ജു, അഞ്ജു ബാലൻ, വിജിലൻസ് ഡി എഫ് ഒ എ ഷജ്ന, കെ രഞ്ജിത്ത് കുമാർ, ഡി ഹരിലാൽ .പി പി സുരജ്, എന്നിവർ സംസാരിച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ ,രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
30 പരാതികൾ അദാലത്തിൻ്റെ പരിഗണനക്കായി എത്തി. ഈ മാസം 13ന് സൗത്ത് വയനാട് ഡിവിഷനിലും, 18 ന് വൈൽഡ് ലൈഫ് ഡിവിഷനിലും അദാലത്തുകൾ നടത്തും





Leave a Reply