പോലീസിൽ ഘടനാമാറ്റം: വയനാട്ടിൽ 15 സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്‌പെക്ടർമാർക്ക്; ഏഴ് പുതിയ സർക്കിളുകൾ നിലവിൽ വന്നു
കൽപ്പറ്റ: കേരള പോലീസിനെ കൂടുതൽ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ ഘടനയിലും ചുമതലകളിലും സമഗ്ര മാറ്റങ്ങൾ വരുത്തി. പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ. ഘടന പരിഷ്കരിക്കുന്നതിന്റെ ഭാഗമായി, മുൻപ് ഇൻസ്‌പെക്ടർമാർ വഹിച്ചിരുന്ന 18 സ്റ്റേഷനുകളിൽ 15 എണ്ണത്തിന്റെയും ചുമതല ഇനി മുതൽ സബ് ഇൻസ്‌പെക്ടർമാർക്ക് കൈമാറും. അതേസമയം, കേസുകളുടെ എണ്ണവും ക്രമസമാധാന പ്രശ്നങ്ങളും പരിഗണിച്ച് കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകളിലും, ഐ.ടി-സൈബർ കേസ അന്വേഷണങ്ങൾക്ക് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ വേണമെന്ന നിയമപരമായ ആവശ്യകത മുൻനിർത്തി സൈബർ പോലീസ് സ്റ്റേഷനിലും ചുമതല ഇൻസ്‌പെക്ടർമാർക്ക് തന്നെയായി തുടരും.
പദ്ധതിയുടെ ഭാഗമായി ജില്ലയെ ഏഴ് സർക്കിളുകളായി തിരിച്ച് ഓരോ സർക്കിളിന്റെയും ചുമതല സർക്കിൾ ഇൻസ്‌പെക്ടർമാർക്ക് (സി.ഐ.) നൽകിയിട്ടുണ്ട്. രണ്ടോ മൂന്നോ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന സർക്കിളിന്റെ മേൽനോട്ടവും പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതലയും ബന്ധപ്പെട്ട ഇൻസ്‌പെക്ടർക്കായിരിക്കും. എന്നാൽ ഇൻസ്‌പെക്ടർമാർ നേരിട്ട് ചുമതല വഹിക്കുന്ന കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകൾ പുതിയ സർക്കിളുകളുടെ പരിധിയിൽ വരില്ല. കൽപ്പറ്റ ട്രാഫിക് യൂണിറ്റ് കൽപ്പറ്റ സ്റ്റേഷനിലും, ബത്തേരി ട്രാഫിക് യൂണിറ്റും മുത്തങ്ങ ഔട്ട് പോസ്റ്റും ബത്തേരി സ്റ്റേഷൻ പരിധിയിലുമാണ് ഉൾപ്പെടുന്നത്. കൂടാതെ പോലീസ് കൺട്രോൾ റൂമിന്റെ ചുമതലയും ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും.
പുതിയ ഘടന പ്രകാരം വൈത്തിരി, മേപ്പാടി സ്റ്റേഷനുകൾ വൈത്തിരി സർക്കിളിന് കീഴിലും; കമ്പളക്കാട്, പടിഞ്ഞാറത്തറ സ്റ്റേഷനുകൾ കമ്പളക്കാട് സർക്കിളിന് കീഴിലും വരും. മാനന്തവാടി, മാനന്തവാടി ട്രാഫിക് യൂണിറ്റ്, പനമരം എന്നിവ മാനന്തവാടി സർക്കിളിലും; തിരുനെല്ലി, തലപ്പുഴ, കാട്ടിക്കുളം എയ്ഡ് പോസ്റ്റ് എന്നിവ തിരുനെല്ലി സർക്കിളിലും ഉൾപ്പെടും. വെള്ളമുണ്ട, തൊണ്ടർനാട് സ്റ്റേഷനുകൾ വെള്ളമുണ്ട സർക്കിളിന് കീഴിലും, പുൽപ്പള്ളി, കേണിച്ചിറ സ്റ്റേഷനുകൾ പുൽപ്പള്ളി സർക്കിളിന് കീഴിലുമാണ് വരുന്നത്. മീനങ്ങാടി, അമ്പലവയൽ, നൂൽപ്പുഴ സ്റ്റേഷനുകളും പാട്ടവയൽ ഔട്ട് പോസ്റ്റും ഉൾപ്പെടുന്ന മീനങ്ങാടി സർക്കിളിന് കീഴിൽ മാത്രമാണ് മൂന്ന് പോലീസ് സ്റ്റേഷനുകൾ വരുന്നത്; ബാക്കി ആറ് സർക്കിളുകൾക്ക് കീഴിലും രണ്ട് സ്റ്റേഷനുകൾ വീതമാണുള്ളത്.





Leave a Reply