പല പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റികറങ്ങി മോഷണം; മാല പൊട്ടിക്കൽ സംഘത്തിലെ പിടിയിലായവർക്കെതിരെ നിരവധി കേസുകൾ
കൽപ്പറ്റ: വയനാട്ടിലെ കുപ്രസിദ്ധ മാല കവർച്ചാ സംഘത്തിലെ രണ്ട് സ്ത്രീകളെയാണ് ഇന്നലെ വയനാട് പോലീസ് അതിവിദഗ്ദമായി പിടികൂടിയത്. പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളിൽ താമസിച്ചും കുറ്റ കൃത്യങ്ങൾ തുടരുകയായിരുന്നു. ഇവർക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്.
മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന @രമ്യ(30), തിരുപ്പരകോൻഡ്രം ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്.
ഇവർ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണങ്ങൾ നടത്തി വന്നവരായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ വലയിലായത്.
പല പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുനെല്ലി, അമ്പലവയൽ, കമ്പളക്കാട്, ബത്തേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മാലമോഷണങ്ങൾ നടന്നിരുന്നു. അടുത്തിടെ വാവ്ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നതിനെ തുടർന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങൾ മുഖേനയും, സാമൂഹിക മാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിച്ചിരുന്നു. കൂടാതെ തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇവർ സംശയസാഹചര്യത്തിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പ്രചരിപ്പിക്കുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഇവർ മീനങ്ങാടിയിലെ ‘ഔറ കളക്ഷൻ’ ഫാൻസി കടയിൽ നിന്നും ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘമായ എസ്എജിഒസി കൂടാതെ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുൾ കരീം, ടി.എ അഗസ്റ്റിൻ, തുടങ്ങിയവരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുട നീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. മീനങ്ങാടിയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാൻ സഹായിച്ചത്. ഇവർക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.





Leave a Reply