കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി കർഷക കോൺഗ്രസ്
കൽപ്പറ്റ: രൂക്ഷമായ രാസവള വില വർദ്ധനവ് പിൻവലിക്കുക ഇഎസ്ഐ കരടു വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് ഉദ്ഘാടനം ചെയ്തു.
രാസവള വില 4 ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്ന നിലപാടുകളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. രാജ്യം ഭരിച്ച കോൺഗ്രസ് ഗവൺമെന്റുകളും ഇപ്പോഴുള്ള ബി ജെ പി സർക്കാരും തമ്മിൽ കർഷകരോടുള്ള സമീപനത്തിൽ വലിയ വ്യത്യാസമാണുള്ളത്. നെഹ്റു മുതൽ ഈ വ്യത്യാസം പ്രകടമാണ്. ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികളും പഞ്ചവത്സര പദ്ധതിയും മൻമോഹൻ സിംഗിന്റെ കാലത്തുള്ള കാർഷിക കടങ്ങൾ എഴുതി തള്ളിക്കൊണ്ട് കർഷകരെ സഹായിച്ചത് ഉൾപ്പെടെയുള്ളവ ഇതിനു ഉദാഹരണങ്ങളാണ്.
ഇന്ന് കർഷകർ കൃഷിയിൽ നിന്ന് പിന്തിരിയുന്നുണ്ടെങ്കിൽ ഇത് ബിജെപി ഗവൺമെന്റിന്റെ കർഷക വിരുദ്ധ നിലപാടിന്റെ ഭാഗമാണന്ന് നേതാക്കൾ പറഞ്ഞു. രാജ്യത്തെ 145 കോടിയിൽ അധികം വരുന്ന ജനസമൂഹത്തിന് അന്നം ഉല്പാദിപ്പിച്ച് നൽകുക എന്ന മഹത്തായ ദൗത്യം ഇനി കർഷകർക്ക് അധികകാലം മുൻപോട്ടു കൊണ്ടുപോകാൻ സാധ്യമല്ലാത്ത ഈ സ്ഥിതിയിലേക്ക് കാർഷിക മേഖലയെ ഇന്ന് കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണന്ന് ഇവർ കുറ്റപ്പെടുത്തി. ഈ നിലപാടുകൾ തിരുത്തിക്കൊണ്ട് കർഷകരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം. ഇ എസ് എ കരട് വിജ്ഞാപനം പിൻവലിച്ചുകൊണ്ട് വന അതിർത്തി സീറോ പോയിന്റ് നിലനിർത്തി കർഷക ജന വിഭാഗങ്ങളുടെ ആശങ്ക അകറ്റുന്നതിന് കേന്ദ്രസർക്കാർ മുന്നോട്ടു വന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രാജ്യം സാക്ഷിയാകേണ്ടിവരുമെന്ന് കെ എൽ പൗലോസ് പറഞ്ഞു.
നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത് . നാടിനു വേണ്ടിയുള്ള പോരാട്ടമായതിനാൽ പ്രക്ഷോഭത്തിൽ മുഴുവൻ കർഷകരും അണിനിരക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ബെന്നി അധ്യക്ഷത വഹിച്ചു. . ഒ. വി. അപ്പച്ചൻ, എം വി വിൻസന്റ്, ബൈജു ചാക്കോ, വി ഡി ജോസ്, മാണി ഫ്രാൻസിസ്, പി എ പൗലോസ് , വി.വി.നാരായണ വാര്യർ, പരിദോഷ് കുമാർ ,കെ ജെ ജോൺ, എം. മൊയ്തു ,എം എ പൗലോസ്, കെ എം കുര്യാക്കോസ്, റീന ജോർജ് ,ജോൺസൺ ഇലവുങ്കൽ , സി ജെ അലക്സ്, ബേബി തുരുത്തിയിൽ, ഇ ജെ ഷാജി ,പി.സി രാജു
തുടങ്ങിയവർ സംസാരിച്ചു.





Leave a Reply