September 14, 2026

വരുന്നു ഓപ്പറേഷൻ സ്കാൻ; അനധികൃത ഓൺലൈൻ സ്ഥാപനങ്ങൾക്ക് പിടിവീഴും

0
WhatsApp Image 2026-08-22 at 8.55.25 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ജില്ലയിലെ അനധികൃത സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും. ഓപ്പറേഷൻ സ്കാൻ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിലൂടെ ജില്ലയിലുടനീളം പരിശോധനകൾ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കും പരാതി നൽകാം. തദ്ദേശസ്വയംഭരണ വകുപ്പ്, സംസ്ഥാന ഐ.ടി മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിക്കുക.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പിലൂടെ പൊതുജനങ്ങൾക്ക് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ അക്ഷയ കേന്ദ്രങ്ങളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അക്ഷയ കേന്ദ്രമെന്ന വ്യാജേന ഇതര സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കും. മറ്റ് സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയക്ക് സമാനമായ പേരും കളർ കോഡും എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരുവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച ലൈസൻസ് പ്രകാരമല്ലാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെ കണ്ടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന കർശന നടപടി സ്വീകരിക്കാനാണ് ഓപ്പറേഷൻ സ്കാൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതിനൽകുവാൻ സംസ്‌ഥാന സർക്കാരിന്റെ ഗവ സിറ്റിസൺ കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് -155300/0471 2335523. ഓപ്പറേഷൻ സ്കാനിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവഹിച്ചു. സബ് കളക്ടർ അതുൽ സാഗർ, എ.ഡി.എം കെ അജീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ സുമ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കേരള സംസ്ഥാന ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ് നിവേദ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *