എമ്മാവൂസ് വില്ലയിലെ വിദ്യാർത്ഥികൾക്ക് കോൺവൊക്കേഷനും സർട്ടിഫിക്കറ്റ് വിതരണവും
മാനന്തവാടി: ഇൻക്ലൂസീവ് ഓർഗ് ഫൗണ്ടേഷൻ എംപവറിംഗ് ന്യൂറോ ഡൈവെർജന്റ് എന്ന പേരിൽ എറണാകുളം സഹൃദയ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു വർഷത്തെ കമ്പ്യൂട്ടർ ഡാറ്റാ എൻട്രി കോഴ്സിന്റെ രണ്ടാം ബാച്ച് വിജയകരമായി പൂർത്തിയായി. വയനാട് ജില്ലയിലെ സെന്ററായ എമ്മാവൂസ് വില്ലയിലെ അഞ്ച് കുട്ടികളാണ് കോഴ്സ് പൂർത്തിയാക്കി എറണാകുളം സഹൃദയ സെന്ററിൽ വെച്ചു നടന്ന കോൺവൊക്കേഷൻ സെറിമണിയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.
ഉന്നത വിദ്യാഭ്യാസമന്ത്രി ബഹു. റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തൃക്കാക്കര എം.എൽ.എ. ഉമാ തോമസ് ചടങ്ങിൽ ആശംസകൾ നേർന്നു. സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയപറമ്പിൽ, റോബിൻ ടോമി തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷം ഈ കോഴ്സിന്റെ ഒന്നാം ബാച്ചിൽ എമ്മാവൂസ് വില്ലയിലെ 10 കുട്ടികൾ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണം നൽകിക്കൊണ്ട് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. ബ്ര. പീറ്റർദാസ്, സി. ജെസി ഫ്രാൻസിസ്, സി. ടെസ്ലിൻ, ചിഞ്ചു, അഞ്ജന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply