വയനാട്ടിലെ 3 മണ്ഡലങ്ങളിലും അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കാൻ യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥി–യുവജനങ്ങൾക്ക് രാഷ്ട്രീയ അവബോധം നൽകാനും ജനകീയ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഈ കൗൺസിലുകളിൽ വെച്ചായിരിക്കും സംഘടനയുടെ മണ്ഡലം കമ്മിറ്റിയായ ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി പ്രഖ്യാപിക്കുക.
ആദ്യ അസംബ്ലി യൂത്ത് കൗൺസിൽ സെപ്റ്റംബർ 12-ന് മാനന്തവാടി മണ്ഡലത്തിൽ നടക്കും. തുടർന്ന് സെപ്റ്റംബർ 20-ന് സുൽത്താൻ ബത്തേരിയിലും, സെപ്റ്റംബർ 27-ന് കൽപ്പറ്റയിലും പരിപാടികൾ സംഘടിപ്പിക്കും. ഇതിനുശേഷം ബ്ലോക്ക്, ബൂത്ത് തലങ്ങളിലേക്ക് സംഘടനാ പ്രവർത്തനം വ്യാപിപ്പിച്ച് കമ്മിറ്റികൾ രൂപീകരിക്കും. അഴിമതി, സാമൂഹിക–സാമ്പത്തിക അസമത്വം, ഫാഷിസം, തൊഴിലില്ലായ്മ, ജാതി–മത വിവേചനം, വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണവും കോർപ്പറേറ്റ് വൽക്കരണവും, പട്ടിണി, പരിസ്ഥിതി നാശം തുടങ്ങിയ വെല്ലുവിളികൾ രാജ്യം നേരിടുന്ന സാഹചര്യത്തിലാണ് സംഘടനയുടെ പ്രവർത്തനം.
ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, മനുഷ്യാവകാശങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച് പുതിയ തലമുറയെ രാഷ്ട്രീയ ഇടപെടലുകളിലേക്ക് കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം. മണ്ഡലം കൗൺസിലുകളിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും വിദ്യാർത്ഥി–യുവജനങ്ങളുടെയും മാധ്യമങ്ങളുടെയും പങ്കാളിത്തവും സഹകരണവും ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം യാസിർ പി. ടി. എന്നിവർ പങ്കെടുത്തു.





Leave a Reply