ഉള്ളിശ്ശേരി വി. മൂസക്കോയ മുസ്ലിയാർ സമസ്‌ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്; വയനാട്ടിൽ നിന്ന് ആദ്യം
പനമരം: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റായി വയനാട്ടിൽ നിന്നുള്ള പ്രമുഖ പണ്ഡിതൻ ഉള്ളിശ്ശേരി വി. മൂസക്കോയ മുസ്ലിയാർ തിരഞ്ഞെടുക്കപ്പെട്ടു. സമസ്‌തയുടെ പരമോന്നത നേതൃസ്ഥാനത്തേക്ക് വയനാട് ജില്ലയിൽ നിന്ന് ഒരു പണ്ഡിതൻ തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. ഇസ്ലാമിക വിജ്ഞാന ശാഖകളിൽ അഗാധമായ പാണ്ഡിത്യമുള്ള മൂസക്കോയ മുസ്ലിയാർ ദീർഘകാലമായി ദർസ് രംഗത്ത് സജീവമായി പ്രവർത്തിച്ച് വരികയാണ്. വയനാട്ടിലും പുറത്തുമായി നിരവധി അറബിക് കോളേജുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ധാരാളം ശിഷ്യഗണങ്ങളുടെ ഗുരുനാഥൻ കൂടിയാണ് അദ്ദേഹം. നേരത്തെ ഉള്ളിശ്ശേരി പഴയ ജുമാ മസ്‌ജിദിൽ ദീർഘകാലം ദർസിന് നേതൃത്വം നൽകിയ അദ്ദേഹം, കഴിഞ്ഞ അര പതിറ്റാണ്ടുകാലമായി സ്വന്തം നാടായ ഉള്ളിശ്ശേരി ജുമാ മസ്ജിദിൽ സേവനമനുഷ്ധിച്ച് വരികയാണ്.
നിലപാടുകളിലെ കണിശത, ആത്മീയ രംഗത്തെ ഉന്നത സാന്നിധ്യം, ലളിതമായ ജീവിതരീതി, ജനങ്ങളോടുള്ള ഊഷ്‌മളമായ പെരുമാറ്റം എന്നിവയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. സ്വന്തം മഹല്ലിൽ തന്നെ ദീർഘകാലമായി എല്ലാവർക്കും സ്വീകാര്യനായി സേവനം തുടരുന്നത് അദ്ദേഹത്തിന്റെ ജനകീയതയ്ക്കും വ്യക്തിത്വ മഹിമയ്ക്കും തെളിവാണ്. മൂസക്കോയ മുസ്ലിയാരുടെ സ്ഥാനലബ്‌ധി വയനാട്ടിലെ ഇസ്ലാമിക പണ്ഡിത സമൂഹത്തിനും പൊതുജനങ്ങൾക്കും വലിയ ആവേശവും അഭിമാനവുമാണ് സമ്മാനിച്ചിരിക്കുന്നത്.




Leave a Reply