November 7, 2026

ചീങ്ങേരി പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി

0
WhatsApp Image 2026-09-24 at 1.34.43 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കുമ്പളേരി: ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 2 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ പെരുന്നാളാഘോഷിക്കുന്നതിന് സ്വാഗത സംഘം സജീവമായി പ്രവർത്തിക്കുന്നു.

സെപ്തംബർ 26 ന് കാരാംകൊല്ലി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന പന്തൽക്കാൽ പ്രയാണം ഇടവകയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങളേറ്റ് വാങ്ങി പള്ളിയിൽ എത്തിച്ചേർന്ന് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാവും.
തുടർന്ന് സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് നൂറോളം പേർ പങ്കെടുക്കുന്ന മെഗാ ഫ്ലാഷ് മോബ് ‘സൂഹ്രോ 2026’ നടക്കുന്നതാണ്.

സെപ്ത.27 ന് ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി വി.ബലിയർപ്പിക്കും. തുടർന്ന് ഫിനിക്സ് സഹായ നിധിയുടെ കീഴിലുള്ള ഫിനിക്സ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും ഇടവകയിൽ നിന്നും കർഷക അവാർഡ് ജേതാക്കളായ വർക്കുള്ള അനുമോദനവും കേരള കൃഷി വകുപ്പ് മന്ത്രി Adv.ടി.സിദ്ധിഖ് നിർവ്വഹിക്കും. അഖില കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഭക് തിഗാന മത്സരം 27 ഞായറാഴ്ച്ച 11.30 ന് നടത്തപ്പെടുന്നു. ഉച്ചക്ക് ശേഷം അഖില വയനാട് ചിത്രരചനാ മത്സരവും ക്രമീകരിച്ചിട്ടുണ്ട്.

പെരുന്നാളിനോടനുബന്ധിച്ച് സോഷ്യൽ അവേർനസ് പ്രോഗ്രാമിൻ്റെ ഭാഗമായി നീലഗിരി കോളജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് സിഇഒയും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. റാഷിദ് ഗസാലി കൂളിവയൽ 28 ന് സന്ധ്യക്ക് ക്ലാസ് നയിക്കും.
29, 30 തിയതികളിൽ ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ എംസിബിഎസ് നയിക്കുന്ന സുവിശേഷ ധാരയും
സെൻ്റ് മേരീസ് മെലഡിയുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും.

പ്രധാന പെരുന്നാൾ ദിനങ്ങളായ ഒക്ടോബർ 1ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഒന്നാം തിയതി 4 മണിക്ക്. മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആന്റ് സെൻ്റ് പോൾസ് ദൈവാലയത്തിലെ ശമുവേൽ മോർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ നിന്നും മഞ്ഞപ്പാറ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ നിന്നും ആരംഭിക്കുന്ന തീർത്ഥയാത്രകൾക്ക് കാരാംകൊല്ലി കുരിശിങ്കൽ സ്വീകരണം നൽകും. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഐറേനിയോസ് തിരുമേനിക്കും കുരിശിങ്കൽ സ്വീകരണം നൽകും.

ഒക്ടോബർ 2 ന് വി.അഞ്ചിൻമേൽ കുർബ്ബാനയും തുടർന്ന് ഇടവകയിലെ പ്രതിഭകൾക്കുള്ള അനുമോദനവും സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും നിർവ്വഹിക്കും. ആ ശീർവ്വാദത്തോടും നേർച്ച ഭക്ഷണത്തോടും കൂടെ പെരുന്നാളിന് സമാപനമാവും.
സ്വാഗത സംഘം ചെയർമാനായി റവ.ഫാ. ഷിംസൺ മത്തോക്കിൽ, ജനറൽ കൺവീനറായി എ പി വർഗീസ് അമ്പാട്ട്, ജോ.കൺവീനർമാരായി ടി.ജി ഷാജു തുടുമ്മേൽ, ഷൈനി കുര്യാക്കോസ് പട്ടകുന്നേൽ എന്നിവരോടൊപ്പം 151 അംഗ സ്വാഗത സംഘം പെരുന്നാൾ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
പത്രസമ്മേളനത്തിൽ വികാരി ഫാ. ഷിൻസൺ മത്തോക്കിൽ, ട്രസ്റ്റി ടി.വി.പീറ്റർ താണേലി മാലിൽ, സെക്രട്ടറി ഷിജോ എൻ വർഗീസ്, ജോ. ട്രസ്റ്റി ടി.ജി. സജി, ജനറൽ കൺവീനർ എ.പി വർഗീസ് അമ്പാട്ട്, പബ്ലിസിറ്റി കൺവീനർ എംഎസ് എൽദോ എന്നിവർ സംബന്ധിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *