September 25, 2026

ഗോത്ര യുവതികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം: വയനാട് ജനമൈത്രി പോലീസിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി

0
IMG_20260925_172950
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ട്രൈബൽ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ ഡ്രൈവിംഗ് പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിന്ന് പോലീസ് തിരഞ്ഞെടുത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 102 ഗോത്ര യുവതികൾക്കാണ് ഈ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. കൽപ്പറ്റ ഗവ. റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കാലത്തിനനുസരിച്ച് ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തണമെന്നും വനിതാ ശാക്തീകരണത്തിന് അവസരമൊരുക്കുന്ന ജനമൈത്രി പദ്ധതികൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും അവർ ആഹ്വാനം ചെയ്തു.

 

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗോത്ര ജനതയെ ഉയർച്ചയിലെത്തിക്കാനുള്ള വലിയ യജ്ഞത്തിലാണ് പോലീസെന്നും വിദഗ്ധ പരിശീലനം പൂർത്തിയാക്കി ഡ്രൈവിംഗിന്റെ വിവിധ സാധ്യതകൾ തേടിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് ഓഫീസ് മാനേജർ സി.കെ. മനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ, ആർ.ടി.ഒ പി.ആർ. സുമേഷ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ഷുമിൻ എസ്. ബാബു, സോഷ്യൽ പോലീസിങ് ജില്ലാ അസി. നോഡൽ ഓഫീസർ എൻ.കെ. ദാമോദരൻ, ന്യൂ ഓസ്കാർ ഡ്രൈവിങ് സ്കൂൾ പ്രൊപ്രൈറ്റർ പ്രകാശൻ, സി.പി.ഒ സിയാദ് സൽമാൻ തുടങ്ങിയവർ സംസാരിച്ചു.

 

റോഡ് സുരക്ഷയും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് ബോധവൽക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തി ന്യൂ ഓസ്കാർ ഡ്രൈവിങ് സ്കൂളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബറിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 104 ഗോത്ര യുവതീ-യുവാക്കൾക്ക് പരിശീലനം നൽകുകയും ടെസ്റ്റുകൾ പാസായ അറുപതോളം പേർക്ക് ലൈസൻസ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. മറ്റുള്ളവർക്ക് തുടർ പരിശീലനം നൽകി വരുന്നുണ്ട്. ജില്ലയിലെ പടിഞ്ഞാറത്തറ, അഞ്ചാം മൈൽ, മാനന്തവാടി, പനമരം, കൽപ്പറ്റ എന്നിവിടങ്ങളിലെ ന്യൂ ഓസ്കാർ ഡ്രൈവിംഗ് സ്കൂളുകളിലാണ് യുവതികൾക്ക് അവരുടെ സൗകര്യപ്രദമായ സമയത്ത് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. എ.എസ്.ഐമാരായ ബിനോയ് ഐസക്ക്, സിനു ജോർജ്, ചന്ദ്രബാബു, എസ്.സി.പി.ഒമാരായ കെ.കെ. പ്രഭാകരൻ, മഹേഷ് എ. രാജ്, ടി.എം. രമേശൻ, ടി.കെ. ദീപ, കമറുദ്ധീൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *