ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം: ഉഷ വിജയൻ എംഎൽഎ
പുൽപ്പള്ളി: രക്തദാന – കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ നടന്ന കേശദാന ക്യാംപിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് നൽകുന്നതിനായി 30 സെൻ്റി മീറ്റർ നീളത്തിലാണ് കേശങ്ങൾ ശേഖരിക്കുന്നത്. ചടങ്ങിൽ നിരവധി യുവതികൾ കേശം മുറിച്ച് നൽകിയപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച നൂറോളം പേരുടെ കേശങ്ങളാണ് കൈമാറിയത്. തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിഗുകളാക്കി മാറ്റുന്ന ഇവ കാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്തു വരുന്നു.
രക്തദാന – കേശദാന രംഗങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജിനെ ഉഷ വിജയൻ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ എൽദൊ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ഷീബ റെജി ചുണ്ടക്കാട്ടിൽ എന്നിവർ ചേർന്ന് കേശ ശേഖരം കൈമാറി. കേശദാനത്തിന് താൽപര്യമുള്ളവർ 9497043287 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.




Leave a Reply