പുൽപ്പള്ളി പഞ്ചായത്തിൽ ജീവനക്കാരെ നിയമിക്കണം; തദ്ദേശ ജോയിന്റ് ഡയറക്‌ടറെ ഉപരോധിച്ച് ഭരണസമിതി അംഗങ്ങൾ
കൽപ്പറ്റ: പുൽപ്പള്ളി പഞ്ചായത്തിൽനിന്ന് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥർക്ക് പകരം നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ തദ്ദേശ ജോയിന്റ് ഡയറക്‌ടറെ ഉപരോധിച്ചു. ജീവനക്കാരെ നിയമിക്കാത്തതിനാൽ പഞ്ചായത്തിൽ ഭരണപ്രതിസന്ധിയാണെന്നും ഇത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രസിഡന്റ് ബിന്ദു പ്രകാശിന്റെ നേതൃത്വത്തിൽ ഉപരോധം.
ജനങ്ങൾക്ക് അടിയന്തര സേവനങ്ങൾപോലും നൽകാനാകുന്നില്ലെന്നും ഒഴിവുകൾ എത്രയും വേഗം നികത്തണമെന്നും ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. പലവട്ടം തദ്ദേശ മന്ത്രി, പഞ്ചായത്ത് ഡയറക്‌ടർ, ജോയിന്റ് ഡയറക്‌ടർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. അസിസ്റ്റന്റ് എൻജിനിയർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, അക്കൗണ്ടന്റ്, വെറ്ററിനറി ഡോക്‌ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെ സ്ഥലംമാറ്റി. കാലാവധി പൂർത്തിയാകുന്നതിനുമ്പ് ജൂനിയർ സൂപ്രണ്ടിനെയടക്കം സ്ഥലം മാറ്റാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെടലിൽ ജോലിയിൽ തുടരുകയാണ്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞവർഷം പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുപോലും നൽകാനാകുന്നില്ല. ഇതിനാൽ കോൺട്രാക്‌ടർമാർ പ്രവൃത്തി ബഹിഷ്‌കരിക്കുന്ന സ്ഥിതിയാണ്.
യുഡിഎഫ് സർക്കാർ വിവിധ പദ്ധതികളുടെ തുക വെട്ടിക്കുറച്ചതിനാൽ പഞ്ചായത്തിന് നാല് കോടിയോളം രൂപ നഷ്‌ടമായി. ഇതിനെത്തുടർന്ന് വികസന പദ്ധതികൾ പലതും നടപ്പാക്കാനാകുന്നില്ല. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി പഞ്ചായത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തിയിട്ടുണ്ട്. 10നുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്ന ജോയിന്റ് ഡയറക്‌ടറുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.




Leave a Reply