ബത്തേരി നിയോജകമണ്ഡലത്തിൽ ഭൂമി പദ്ധതിക്ക് തുടക്കം കുറിക്കും
സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി നിലവിൽ കൈവശമില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയും, സർക്കാർ വിവിധ ഘട്ടങ്ങളിൽ ലഭ്യമാക്കിയ ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കുന്നതിനും, കൈവശ രേഖ നൽകുന്നതിനും, പട്ടയം അനുവദിക്കുന്നതിനും, ജനറൽ വിഭാഗത്തിൽപ്പെട്ട ആളുകളുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി നിയോജകമണ്ഡലം തലത്തിൽ മിഷൻ ഭൂമി പദ്ധതിക്ക് തുടക്കം കുറിക്കും. ബത്തേരിയിൽ നടന്ന വികസന കോൺക്ലേവിലാണ് സുപ്രധാന തീരുമാനം.
ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി ലഭ്യമാക്കുന്ന പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കണം. ഊരുകളിലെ കൂട്ടുപട്ടയത്തിനുള്ള ഭൂമി തരംതിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാനും സർക്കാർതലത്തിൽ പദ്ധതി ആവിഷ്‌കരികണം. പ്രളയ ഭീഷണി നിലനിൽക്കുന്ന ഊരുകളിലെ ആളുകളെ സ്ഥിരമായി പുതിയ സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്തുകയും ഊരുകൂട്ടം തീരുമാനപ്രകാരം ഉന്നതികളിൽ വികസന പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ പണം അനുവദിക്കുന്ന രീതി അവലംബിക്കണം. നിലവിൽ ഊരുകൂട്ടത്തിന് അറിവില്ലാതെയാണ് പല പദ്ധതികളും ആവിഷ്‌കരിക്കുന്നത് ഇതിൽ ഒരു മാറ്റം വരുത്തണമെന്നും നിർദേശമുയർന്നു.പട്ടികവർഗ വകുപ്പിന് കീഴിലുള്ള ആംബുലൻസുകളുടെ പ്രവർത്തനം കൃത്യമായി നടപ്പിലാക്കുന്നു വെന്ന് പരിശോധിക്കുകയും അർഹതപ്പെട്ടവർക്ക് ആംബുലൻസിന്റെ സേവനം ഉറപ്പുവരുത്തുകയും വേണം. വനലക്ഷ്മി എസ്റ്റേറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കണം. ചേകാടിയിൽ ടൂറിസം വകുപ്പുമായി സഹകരിച്ചുകൊണ്ട് ഗോത്ര ഗ്രാമം പദ്ധതി നടപ്പിലാക്കണം, ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഇവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള വിപണി സജ്ജീകരിക്കും, ഉന്നതിയിലെ ആളുകൾക്ക് അനുവദിക്കുന്ന വീടുകൾ പഞ്ചായത്ത് എ ഇയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിക്കണ എന്നിങ്ങനെയുള്ള നിർദേശങ്ങളും കോൺക്ലേവിൽ ഉയർന്നു. കൂടാതെ ഗോത്ര കലകൾ പരിപോഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഐസി ബാലകൃഷ്ണൻ എംഎൽഎ ഉഷ വിജയൻ എം എൽ എ, ഐ, ടി എസ് ആറിന്റെ ഡയറക്ടർ പ്രൊഫ. ഡോ: ഈ പുഷ്പലത, സോഷ്യോളജി വിഭാഗം മേധാവി ഡോ: അഹമ്മദ് സിറാജുദ്ദിൻ, അസിസ്റ്റന്റ് പ്രൊഫസർ സോഷ്യോളജി ബിബിത ഭാമിനി , ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ കെ കെ മോഹൻദാസ് , ഡിവൈഎസ്പി അബ്ദുൽ കരീം, തഹസിൽദാർ ജയപ്രകാശ് വി ആർ, എസ് സി ഡെവലപ്‌മെന്റ് ഓഫീസർ പി പി ബിജു , എം എസ് വിശ്വനാഥൻ, ബിജു കാക്കത്തോട്, പി പി പൈതൽ, കെ ആർ ബാലൻ, എടക്കൽ മോഹനൻ, യു ഡി എഫ് നേതാക്കളായ ഡി പി രാജശേഖരൻ, മാടക്കര അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.




Leave a Reply